മലപ്പുറം: തുരുമ്പിച്ച പ്ലാറ്റ്ഫോമും കയറിൽ കെട്ടിയുറപ്പിച്ച സീറ്റുകളുമായി ഫിറ്റ്നസ് ഇല്ലാതെ ഓടിയ സ്കൂൾ ബസിന്റെ ഓട്ടം നിർത്തിച്ച് മോട്ടോർ വാഹന വകുപ്പ്. വിദ്യാർഥികളുടെ യാത്രക്ക് സുരക്ഷ കൽപ്പിക്കാതെ സർവിസ് നടത്തിയ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂരിലെ ബസിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടപടി എടുത്തത്.
45 സീറ്റ് ശേഷിയുള്ള ബസിൽ 70 കുട്ടികളെ കുത്തിനിറച്ച് ഡോർ അടക്കാതെയും ഡോർ അറ്റൻഡർ ഇല്ലാതെയുമാണ് സർവിസ് നടത്തിയത്.
കൂടാതെ ബസിന്റെ ഫ്ലാറ്റ്ഫോം, സീറ്റ് എന്നിവ തകർന്ന നിലയിലും പല സീറ്റുകളും താൽക്കാലികമായി കയർകൊണ്ട് കെട്ടിവെച്ച നിലയിലുമായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ അധികൃതർ ശിപാർശ ചെയ്തു.
ഫിറ്റ്നസില്ലാത്ത വാഹനങ്ങളിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ അനുമതി കൊടുത്ത സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കാൻ കലക്ടർക്ക് ശിപാർശ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ പി. ബോണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പിടികൂടിയ ബസിലെ വിദ്യാർഥികളെ മറ്റു വാഹനങ്ങളിൽ ഉദ്യോഗസ്ഥർ തന്നെ മുൻകൈയെടുത്ത് സുരക്ഷിതമായി വീടുകളിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.