മലപ്പുറം: വിദ്യാർഥി രാഷ്ട്രീയത്തിലെ ശക്തമായ അടിത്തറയിൽനിന്ന് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് അതിവേഗം കുതിച്ചെത്തി ഇപ്പോൾ മലപ്പുറം ഡി.സി.സി പ്രസിഡൻറ് ചുമതലയിലെത്തിയിരിക്കുകയാണ് അഡ്വ. വി.എസ്. ജോയി. 36കാരനായ ജോയി ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി പ്രസിഡെൻറന്ന നിലയിലും പുതിയ അധ്യക്ഷ പട്ടികയിൽ വേറിട്ടുനിൽക്കുകയാണ്. കോൺഗ്രസിെൻറ ജില്ല നേതൃസ്ഥാനം ഏറ്റെടുക്കുന്ന വി.എസ്. ജോയി പുതിയ ദൗത്യത്തെക്കുറിച്ച് 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
എല്ലാ ദൗത്യങ്ങളും വെല്ലുവിളിയാണ്. ഡി.സി.സി പ്രസിഡെൻറന്ന ഭാരിച്ച ഉത്തരവാദിത്തം പൂർണ മനസ്സോടെ ഏറ്റെടുക്കുകയാണ്. ചെറുപ്പക്കാരെ സജീവമായി രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുകയെന്ന രാഹുൽ ഗാന്ധിയുടെ തീരുമാനത്തിെൻറ ഭാഗമായാണ് എെൻറ പുതിയ ചുമതല. സംഘടന, സമരം, സേവനം രംഗത്ത് കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണ് ലക്ഷ്യം. താഴെ തട്ടുമുതൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തും. പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞുവരുന്നുണ്ട്. അതിനൊരു പരിഹാരം കാണണം. കാരുണ്യ രംഗത്ത് കോൺഗ്രസ് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംഘടന സംവിധാനത്തിലെ പാളിച്ചകൾ കോൺഗ്രസിനെ പരാജയത്തിലേക്ക് നയിക്കുന്നുണ്ടെന്നതിൽ സംശയമില്ല. പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും തമ്മിൽ നല്ല ബന്ധം ഉറപ്പിക്കുന്നതിനായി ബന്ധപ്പെട്ട കർമ പദ്ധതികൾ ആവിഷ്കരിക്കും. സംഘടനാപരമായ പ്രശ്നങ്ങൾ പരിഹരിച്ച് ശക്തിപ്പെടുത്തും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള സമര പരിപടികൾ ആവിഷ്കരിക്കും.
പല വിഷയങ്ങളിലും മലപ്പുറം ജില്ല അവഗണന നേരിടുന്നുണ്ട്്. ജില്ലയുടെ പൊതുവായ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടും. ജനസംഖ്യാനുപാതികമായി വാക്സിനേഷൻ ലഭിക്കാത്തത്, ജില്ലയിലെ വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകളുടെ കുറവ്, ഹയർ സെക്കൻഡറിയിലടക്കം കടുത്ത സീറ്റ് ക്ഷാമം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായി ഇടപെടും. ചരിത്രപരമായ തമസ്കരണം നടന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടിൽ. മലബാർ സമരം സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമാണ്. ചരിത്രത്തെ മാറ്റിമറിക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പ്രതിഷേധ സമരങ്ങൾക്കും പോരാട്ടങ്ങൾക്കും ബോധവത്കരണങ്ങൾക്കും പാർട്ടി സജീവമായി രംഗത്തുവരും.
ജില്ലയിലെ വിവിധ മേഖലകളിൽ യു.ഡി.എഫ് മുന്നണി സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുൻ ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് മുന്നിട്ടിറങ്ങി നിരവധി പഞ്ചായത്തുകളിലെ പല മേഖലകളിലേയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലങ്ങളിലെ പ്രശ്നങ്ങളും പരിഹരിച്ച് ജില്ലയിൽ മുന്നണി സംവിധാനം ശക്തിപ്പെടുത്താൻ ശ്രമിക്കും.
എല്ലാവരുമായി ബന്ധം ഉൗഷ്മളമാക്കുകയാണ് ലക്ഷ്യം. അഭിപ്രായ വ്യത്യാസങ്ങളും ചേരിതിരിവുകളുമെല്ലാം കോൺഗ്രസിെൻറ കൂടപ്പിറപ്പാണ്. എല്ലാ കാലത്തും എല്ലായിടത്തും കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഗാന്ധിയുടെ കാലത്തുതന്നെ ഉണ്ടായിട്ടുണ്ട്്. അത് കോൺഗ്രസിെൻറ ഒരു സൗന്ദര്യം കൂടിയാണ്. എല്ലാവരെയും സമവായത്തിെൻറ പാതയിൽ കൊണ്ടുപോകും.
യുവാക്കളുടെ മുന്നേറ്റത്തിൽ വലിയ പ്രതീക്ഷയുണ്ട്്. യുവജന മുന്നേറ്റം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ നടത്തും. കോളജുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ കെ.എസ്.യു പോലുള്ള വിദ്യാർഥി സംഘടനകളുടെ പ്രവർത്തനങ്ങളിൽ ചെറിയൊരു നിർജീവതയുണ്ട്്. എന്നാലും പൊതു ഇടങ്ങളിലെ സമര രംഗത്ത് കോൺഗ്രസും യുവജന പ്രസ്ഥാനങ്ങളും ഇനി കൂടുതൽ സജീവമായി രംഗത്തുണ്ടാവും.
പ്രവർത്തന പഥത്തിൽ വി.വി. പ്രകാശ് ആയിരിക്കും മാർഗദീപം. അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ തുടരും. നേതാക്കളായ ആര്യാടൻ മുഹമ്മദ്, എ.പി. അനിൽ കുമാർ എന്നിവരുടെയെല്ലാം അഭിപ്രായങ്ങൾ മാനിച്ച് തുറന്ന മനസ്സോടെ മുന്നോട്ടുപോകും. ജില്ലയിലെ കോൺഗ്രസിെൻറ പ്രവർത്തനങ്ങൾ സജീവമാക്കുയാണ് പ്രധാന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.