മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധത്തിൽനിന്ന് തുടങ്ങുന്നതാണ് ദലിത് ലീഗ് നേതാവ് എ.പി. ഉണ്ണിക്കൃഷ്ണന് മുസ്ലിംലീഗുമായുള്ള ബന്ധം. ബാല്യകാലം മുതൽക്കുള്ള സൗഹൃദം, കൊടപ്പനക്കൽ തറവാടുമായുള്ള ഇഴപിരിയാത്ത ബന്ധമായി വളരുകയായിരുന്നു. പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്ക് പ്രിയപ്പെട്ട ഉണ്ണിയേട്ടനായിരുന്നു അദ്ദേഹം.
ഓണത്തിനും വിഷുവിനും കൊടപ്പനക്കൽ തറവാട്ടിലേക്ക് ഇദ്ദേഹത്തിന്റേതായി വാഴക്കുലയായും മറ്റും സമ്മാനമുണ്ടാകും. എല്ലാ പെരുന്നാളിനും ഉണ്ണിക്കൃഷ്ണൻ പാണക്കാട്ടെത്തി ആഘോഷങ്ങളുടെ ഭാഗമാകും. ശിഹാബ് തങ്ങളുടെ മരണശേഷം ഹൈദരലി തങ്ങളുമായും പിന്നീട് സാദിഖലി തങ്ങളുമായും ആത്മബന്ധം തുടർന്നു. മാസത്തിൽ എല്ലാ െചാവ്വാഴ്ചയും അദ്ദേഹം പാണക്കാട്ടെ കുടുംബങ്ങളുടെ വീടുകളിലെത്തി അനുഗ്രഹം വാങ്ങും. രോഗബാധിതനായി കിടപ്പിലാകുന്നതുവരെ ഇൗ പതിവിന് മുടക്കമുണ്ടായില്ല.
ആദ്യമായി കണ്ടപ്പോൾ, ശിഹാബ് തങ്ങൾ എഴുന്നേറ്റുവന്ന് തന്നെ ആലിംഗനം ചെയ്തത് മറക്കാനാവില്ലെന്ന് ഉണ്ണികൃഷ്ണൻ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. തന്നെ നെഞ്ചോടുചേർത്തപ്പോൾ മതമോ ജാതിയോ ശുദ്ധിയോ ഒന്നും തങ്ങൾ നോക്കിയില്ല, ഒരു മനുഷ്യനായാണ് കണ്ടത്.
ഏത് കാര്യത്തിലും പാണക്കാട് തങ്ങളുടെ അനുവാദം േതടിയശേഷം മാത്രമേ അദ്ദേഹം ചുവടുവെച്ചിരുന്നുള്ളു. 2015ൽ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റായി എ.പി. ഉണ്ണിക്കൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് ശിഹാബ് തങ്ങളുടെ ചിത്രമുള്ള ടാഗ് ധരിച്ചായിരുന്നു.
ഉണ്ണിക്കൃഷ്ണന്റെ വീടിന്റെ വാതിൽപ്പടിയിൽ ശിഹാബ് തങ്ങളുടെ വലിയ ചിത്രമുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരടക്കം ലീഗിന്റെ ഉന്നത നേതാക്കളുമായും മുനവ്വറലി തങ്ങളുമായും ഉണ്ണിക്കൃഷ്ണന് അടുത്ത ഹൃദയബന്ധം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.