പരപ്പനങ്ങാടി: നാടും നഗരവും ലഹരി മാഫിയയുടെ കരങ്ങളിൽ അമരുമ്പോൾ പൊലീസും എക്സൈസും പൊലീസ് ജനമൈത്രി സമിതിയും യോദ്ധാക്കളായി രംഗത്ത്. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷ്, റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ. ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ വ്യാപക പരിശോധന തുടരുകയാണ്. പരപ്പനങ്ങാടി പൊലീസ് ഈയിടെ രൂപവത്കരിച്ച ജനമൈത്രി പൊലീസ് സമിതിയുടെ ഇന്റലിജൻസ് നീക്കങ്ങളും വ്യാജ മദ്യലോബിയുടെ കൈയിൽ വിലങ്ങ് വീഴാനിടയാക്കുന്നുണ്ട്.
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷിന്റെ മേൽനോട്ടത്തിൽ പരപ്പനങ്ങാടി സ്റ്റേഷനിലെ നിയമപാലകരോടൊപ്പം പൊതുപ്രവർത്തകരായ എ.വി. വിനോദ്, പി.ഒ. അൻവർ, മുഹമ്മദ് കേയി, എ.പി. ഉണ്ണികൃഷ്ണൻ, നൗഫൽ ഇല്യൻ, വേലായുധൻ പറമ്പിൽ, സതീഷ്, കെ സെയ്തലവി കോയ, സി. മണികണ്ഠൻ, വി.പി. റാഫി, ഹംസ കടവത്ത്, കെ.ടി. വിനോദ്, എ. ദിലീപ്, പി.എൻ. ജാബിർ എന്നിവരാണ് ജനമൈത്രി പൊലീസ് സമിതിക്ക് നേതൃത്വം നൽകുന്നത്. തക്കസമയത്ത് പൊലീസിന് വിവരം നൽകുന്നതോടൊപ്പം ലഹരിയുടെ ആസക്തിക്കടിമപ്പെട്ടവരെ ഡിഅഡിക്ഷൻ ക്യാമ്പുകളിലെത്തിച്ച് രക്ഷപ്പെടുത്താനുള്ള നീക്കവും പൊലീസ് ജനമൈത്രി സമിതി നടത്തിവരുന്നു.
പത്തുമാസത്തിനകം പരപ്പനങ്ങാടി പൊലീസ് അമ്പതിലേറെ അനധികൃത മദ്യവിൽപനക്കാരെ പിടികൂടി നിയമ നടപടിയെടുത്തു. പരപ്പനങ്ങാടി റേഞ്ച് എക്സൈസ് ഈ വർഷം ഇതുവരെ 197 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, റെയിൽവേ ചാമ്പ്രകൾ, കീരനെല്ലൂർ ന്യൂകട്ട്, കെട്ടുങ്ങൽ അഴിമുഖം എന്നിവിടങ്ങളിലും വിദ്യാർഥികളിലൂടെ ആളൊഴിഞ്ഞ ഇടങ്ങളും കേന്ദ്രീകരിച്ച് ലഹരി വ്യാപനം നിർബാധം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.