പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതി കെട്ടിട സമുച്ചയ നിർമാണം അടുത്ത ആഴ്ച ആരംഭിക്കാൻ സംയുക്ത യോഗത്തിൽ തീരുമാനം. കെ.പി.എ മജീദ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന എൻജിനീയർമാരുടെയും പരപ്പനങ്ങാടി കോടതി ബാർ അസോസിയേഷൻ ഭാരവാഹികളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത നിർമാൺ കൺസ്ട്രക്ഷൻസ് പ്രതിനിധികളും സംബന്ധിച്ചു. ബന്ധപ്പെട്ടവർ സ്ഥലം പരിശോധന നടത്തി ജഡ്ജിമാരുമായും കൂടിയാലോചന നടത്തി.
നിർമാണത്തിന് മുന്നോടിയായി സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റി. മുറിച്ചുകൊണ്ടുപോകാനുള്ള ടെൻഡർ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ നിർമാൺ കൺസ്ട്രക്ഷൻസ് മരങ്ങൾ മുറിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതുവരെ ഇവ കോടതി വളപ്പിൽ സൂക്ഷിക്കും. ഇതിനുള്ള അനുമതി കോടതിയിൽനിന്ന് ലഭ്യമാക്കിയിട്ടുണ്ട്. 25.57 കോടിയുടെ ഭരണാനുമതിയാണ് ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യമുള്ള പരപ്പനങ്ങാടി കോടതി സമുച്ചയ കെട്ടിട നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്.
നേരത്തേ നിരവധി തവണ പ്രൊപ്പോസലുകൾ സർക്കാറിൽ നൽകിയിരുന്നെങ്കിലും വിവിധ സാങ്കേതിക തടസ്സങ്ങളുന്നയിച്ച് അഞ്ചു പ്രാവശ്യം പദ്ധതി മടക്കിയിരുന്നു. സർക്കാർ നിലപാടിനെതിരെ കെ.പി.എ മജീദ് എം.എൽ.എ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് സർക്കാറിന് 25.57 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് ഇറക്കേണ്ടിവന്നത്. കെട്ടിട നിർമാണം പൂർത്തീകരിക്കാൻ 18 മാസമാണ് പൊതുമരാമത്ത് വകുപ്പ് നിർമാൺ കൺസ്ട്രക്ഷന് സമയം അനുവദിച്ചിട്ടുള്ളത്. കെ.പി.എ മജീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാർ അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് ഹനീഫ, അഡ്വ. ഹാരിഫ്, മുൻ സീനിയർ ഗവ. പ്ലീഡർ കെ.കെ. സൈതലവി, ബാർ അസോസിയേഷൻ ഭാരവാഹികളായ വാസുദേവൻ, മാഹിറലി, ജവാദ്, മുതിർന്ന അഭിഭാഷകരായ മോഹൻദാസ്, കുഞ്ഞിമുഹമ്മദ്, കുഞ്ഞാലിക്കുട്ടി, റാഷിദ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ ഗോപൻ, അസിസ്റ്റന്റ് എൻജിനീയർ ബിജു, ഓവർസിയർ അഭയ് ദേവ്, ടി.കെ. നാസർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.