പരപ്പനങ്ങാടി: നഗരസഭയിലെ പുറമ്പോക്ക് ഭൂമിയിൽ പ്രവർത്തിക്കുന്ന കമ്പോസ്റ്റ് നിർമാണ യൂനിറ്റിന്റെ പേരിൽ നടന്ന ലക്ഷങ്ങളുടെ അഴിമതി സംബന്ധിച്ച് മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ വിജിലൻസിൽ പരാതി നൽകി. പാലത്തിങ്ങൽ അങ്ങാടിയോട് ചേർന്ന ഭൂമിയിലാണ് മൂന്ന് വർഷത്തിലധികമായി പരപ്പനങ്ങാടി നഗരസഭയിലേക്കും ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള റിങ് കമ്പോസ്റ്റ് നിർമിക്കുന്നത്. നഗരസഭയുടെ അധീനതയിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ വേസ്റ്റ് കമ്പോസ്റ്റ് നിർമാണ യൂനിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പ്രതിമാസം 30,000 രൂപ വാടക വാങ്ങുന്നുണ്ട്. എന്നാൽ, നഗരസഭക്ക് ഈ ഇനത്തിൽ ഒരു രൂപ പോലും ലഭിക്കുന്നില്ലെന്നും ചില കൗൺസിലർമാരാണ് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതെന്നും പരാതിയിൽ പറയുന്നു. എൻ.എഫ്.പി.ആർ സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ, മണ്ഡലം പ്രസിഡന്റ് അബ്ദുൽ റഹീം പൂക്കത്ത്, എം.സി. അറഫാത്ത് പാറപ്പുറം, നിയാസ് അഞ്ചപ്പുര എന്നീ ഭാരവാഹികളുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
ഭരണകക്ഷി കൗൺസിലർ റസാഖ് ഇക്കാര്യം ഭരണ സമിതി യോഗത്തിൽ ഉന്നയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതിപക്ഷം ഇക്കാര്യത്തിൽ മൗനം വെടിയണമെന്നും മനാഫ് ആവശ്യപ്പെട്ടു. എന്നാൽ, അധികാരികളോ ജനപ്രതിനിധികളോ അഴിമതിക്ക് കൂട്ടുനിൽക്കുന്നവരല്ലെന്നും കൗൺസിലർ റസാഖ് തലക്കലകത്ത് സഭയിൽ ഉന്നയിച്ച ആരോപണം മുഖവിലക്കെടുത്ത് ഉദ്യോഗതലത്തിൽ വല്ല അഴിമതിയും നടന്നിട്ടുണ്ടോ എന്നറിയാൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത ഭരണസമിതി യോഗത്തിൽ അന്വേഷണ വിവരം സെക്രട്ടറി കൈമാറുമെന്നാണ് കരുതുന്നതെന്നും നഗരസഭ ഉപാധ്യക്ഷയും ചെയർപേഴ്സൻ ഇൻ ചാർജുമായ ഷഹർബാൻ പരപ്പനങ്ങാടി പറഞ്ഞു. അതേസമയം, നഗരസഭ ചെയർമാൻ സ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് ലീഗ് കൗൺസിലർമാർക്കിടയിലുണ്ടായ വിഭാഗീയതയാണ് അഴിമതിക്കഥകൾ പുറത്തുവരാനിടയാക്കിയതെന്ന് ഇടതുപക്ഷ കൗൺസിലർ കെ.സി. നാസർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.