പരപ്പനങ്ങാടി: കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജി എന്ന താനൂർ സ്വദേശി ഷാജി (46) പിടിയിൽ. ചിറമംഗലം റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് താനൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ആറു മാസമായി പരപ്പനങ്ങാടിയിലെയും താനൂരിലെയും ശീട്ടുകളി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ സ്റ്റേഷനുകളിലായി 50ൽപരം മോഷണ കേസുകളിൽ പ്രതിയാണ്.
ജില്ലയിലെ വിവിധ കോടതികളിലായി 10ലധികം ജാമ്യമില്ല വാറൻറുകളുമുണ്ട്. പരപ്പനങ്ങാടി ചുടലപ്പറമ്പിന് സമീപമുള്ള വീട്ടിൽനിന്ന് രാത്രി തുറന്നിട്ട ജനൽ വഴി ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരവും മാലയും കവർന്ന കേസിലാണ് അറസ്റ്റ്.
അരിയല്ലൂർ ബീച്ചിന് സമീപത്തെ വീട്ടിൽനിന്ന് ഉറങ്ങിക്കിടന്ന കുട്ടിയുടെയും അറ്റത്തങ്ങിയിലെ വീട്ടിൽ സ്ത്രീയുടെയും വളയും പാദസരവും ചമ്രവട്ടം ബിയ്യത്ത് സ്ത്രീയുടെ മാലയും തിരൂർ പരിയാപുരം സ്വദേശിനിയുടെ പാദസരവും മോഷ്ടിച്ച കാര്യങ്ങൾ പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചു.
പുഴകളിൽ രാത്രി മീൻപിടിത്തം തൊഴിലാക്കിയിട്ടുള്ള ഇയാൾ ഇതിനിടെ സമീപത്തെ ജനലുകൾ തുറന്നിട്ട വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ തിരൂർ ഭാഗത്തെ ജ്വല്ലറികളിൽ പണയം വെക്കും. അങ്ങനെ കിട്ടുന്ന പണം ശീട്ടുകളിക്കായാണ് ഉപയോഗിച്ചിരുന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.