പരപ്പനങ്ങാടി: കോഴിക്കോട്-പരപ്പനങ്ങാടി പാതയിൽ കൊടപ്പാളിയിൽ യാത്രാദുരിതം. റോഡിലെ വെള്ളക്കെട്ടും റോഡിലേക്ക് ചാഞ്ഞ മരവുമാണ് അപകടഭീഷണി ഉയർത്തുന്നത്. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. അതുകൊണ്ട് തന്നെ ചാഞ്ഞ കൊമ്പുകൾ വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. അഴുക്കുചാൽ ഇല്ലാത്തതിനാൽ മഴ പെയ്താൽ റോഡിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ചെറിയ വാഹനങ്ങൾ തെന്നി വെള്ളക്കെട്ടിലേക്ക് മറിയുന്നത് പതിവാണ്. അഴുക്കുചാൽ പണിയാതെ റോഡ് നിർമിച്ചതിനാൽ അടിക്കടി പൊട്ടി പൊളിഞ്ഞ് റോഡിലുടനീളം ചതിക്കുഴികൾ രൂപപ്പെടുന്നതും വാഹനങ്ങൾ മറിയുന്നതും പതിവാണ്. പ്രതിഷേധം ശക്തമാകുമ്പോൾ അഴുക്കുചാൽ ആവശ്യം ജനപ്രതിനിധികൾ മുന്നോട്ടുവെച്ച് വീണ്ടും റോഡ് പണി ആരംഭിക്കും.
എന്നാൽ അഴുക്കുചാൽ ഉണ്ടാവില്ല. റോഡ് നന്നാക്കാൻ ടെൻഡർ വിളിച്ച് കരാർ ലോബിയെ സഹായിക്കലും പൊതുഫണ്ട് ദുർവ്യയം ചെയ്യലുമാണ് അധികൃതരുടെ സമീപനമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കൊടപ്പാളി ട്രാൻസ്ഫോർമറിന് ചാരത്തെ വൻമരവും സമീപത്തെ ഹൈദ്രോസ് പള്ളിക്കടുത്ത് ഏറെ ഉയരത്തിൽ റോഡിന് മീതെ മാവിൻ ശിഖിരങ്ങൾ ഉണങ്ങി നിൽക്കുന്നതും യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്. നിലംപൊത്താറായി നിൽക്കുന്ന ഈ മരക്കൊമ്പുകൾ ഉടൻ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല.
വിഷയങ്ങളിൽ ഉടൻ പരിഹാരനടപടി വേണമെന്ന് നഗരസഭ കൗൺസിലർ പി.വി. മുസ്തഫ ആവശ്യപെട്ടു. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടും സമീപനം നിരാശജനകമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.