പരപ്പനങ്ങാടി: ലോക്സഭയിലേക്ക് ഒരു തവണ, ഇടതുമുന്നണി സ്ഥാനാർഥിയായി നിയമസഭയിലേക്ക് നാലു തവണ. പ്രഫ. എ.പി. അബ്ദുൽ വഹാബിന് ഇനിയും അങ്കത്തിന് ബാല്യമുണ്ട്. ദീർഘകാലം ഐ.എൻ.എല്ലിന്റെ അമരത്വം വഹിക്കുകയും ഇപ്പോൾ നാഷനൽ ലീഗ് അധ്യക്ഷനായി ഇടതുപക്ഷത്ത് തന്നെ നിലയുറപ്പിക്കുകയും ചെയ്ത പ്രഫ. എ.പി. അബ്ദുൽ വഹാബിന് തെരഞ്ഞെടുപ്പ് അനുഭവ പരിജ്ഞാനവുമേറെ. 1998ൽ മഞ്ചേരി ലോക്സഭ മണ്ഡലത്തിൽ ഇരുമുന്നണികളുടെയും സഹായമില്ലാതെ തനിയെ മത്സരിച്ച് ഐ.എൻ.എൽ സ്ഥാനാർഥിയായി 32,191 വോട്ടുകൾ നേടി.
2001ൽ തിരൂരിൽ ഇടതുമുന്നണി സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. 2006ൽ മഞ്ചേരി നിയമസഭ മണ്ഡലത്തിലെത്തിയ വഹാബ് യു.ഡി.എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ചു. 2011ൽ ലീഗിന്റെ ഇപ്പോഴത്തെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഐ.എൻ.എൽ ടിക്കറ്റിൽ ഇടതു സ്ഥാനാർഥിയായി വിജയിച്ച കോഴിക്കോട് സൗത്തിൽ 2016ൽ വിജയത്തോടടുത്തെത്തിയെങ്കിലും അടിതെറ്റി. 2021ൽ സ്വന്തം പ്രദേശമായ വള്ളിക്കുന്ന് മണ്ഡലത്തിലും ഒരു കൈ നോക്കി. പിഴച്ചെങ്കിലും യു.ഡി.എഫ് കോട്ടയിൽ ലീഗിന്റെ ഭൂരിപക്ഷം കുറക്കാനായ സന്തോഷമുണ്ട്. 31 വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് അധ്യാപകനായിരുന്നു. ന്യൂനപക്ഷ കോർപറേഷൻ മുൻ ചെയർമാനുമാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.