പരപ്പനങ്ങാടി: ബസ് സ്റ്റോപ്പുകളിൽ നിർത്താതെ ഓടുന്ന ബസുകൾ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ചെട്ടിപ്പടി-ചേളാരി റോഡിൽ സ്റ്റോപ്പുകളിൽ നിർത്താതെ ഓടുന്ന ബസുകൾക്ക് എതിരെയാണ് മുന്നറിയിപ്പുമായി ബുധനാഴ്ച അധികൃതരെത്തിയത്. ബുധനാഴ്ച ഇതുസംബന്ധിച്ച് 'മാധ്യമം' നൽകിയ വാർത്തയെ തുടർന്നാണ് അധികൃതരുടെ നടപടി.
യാത്രക്കാരെയും വിദ്യാർഥികളെയും കയറ്റിയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. രാവിലെ എട്ടുമുതൽ പത്തുവരെയുള്ള സമയങ്ങളിൽ പ്രാദേശിക സ്റ്റോപ്പുകളിൽ നിർത്താതെ സർവിസ് നടത്തിയ ബസുകളിലെ ജീവനക്കാർക്ക് ശക്തമായ താക്കീത് നൽകി.
തിരൂരങ്ങാടി ജോയന്‍റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി.ജെ.സി ടി. മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും സ്റ്റോപ്പിൽ നിർത്താത്തതും വിദ്യാർഥികളെ കയറ്റാത്തതുമായ ബസുകൾക്കും ഡ്രൈവർമാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരൂരങ്ങാടി ജോയന്‍റ് ആർ.ടി.ഒ പറഞ്ഞു. സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റാത്ത രണ്ട് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ബുധനാഴ്ച നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.