സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​വ​ർ

നെടുവ വില്ലേജിൽ സിൽവർ ലൈനെതിരെ പ്രതിഷേധം; സർവേ കല്ല് നാട്ടിയില്ല

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലെ നെടുവ വില്ലേജിൽ ബുധനാഴ്ച സിൽവർ ലൈൻ കല്ലിടൽ തുടങ്ങുമെന്നറിയിച്ചിരുന്നെങ്കിലും സമരസമിതി പ്രതിഷേധം ശക്തമായതിനെ തുടർന്ന് നടന്നില്ല. അതേസമയം, സമരക്കാരുടെ ഇടപെടലല്ല, സാറ്റലൈറ്റ് സിഗ്നൽ ലഭിക്കാത്തതാണ് സർവേക്കുറ്റികൾ സ്ഥാപിക്കുന്നതിന് തടസ്സമായതെന്നും സാങ്കേതിക തടസ്സം തീരുന്ന മുറക്ക് കല്ലിടൽ തുടർ ദിവസങ്ങളിൽ നടക്കുമെന്നും കെ-റെയിൽ വിഭാഗം തഹസിൽദാർ ഹക്കീം 'മാധ്യമ'ത്തോട് പറഞ്ഞു. കല്ലിടുമെന്നറിഞ്ഞ് നൂറുകണക്കിനാളുകളാണ് രാവിലെ മുതൽ പോത്താഞ്ചേരി ക്ഷേത്രപരിസരത്തെത്തിയത്. 11ന് സമരസമിതിയുടെ ആഭിമുഖ്യത്തിൽ ചെട്ടിപ്പടിയിലേക്ക് വൻ പ്രതിഷേധ പ്രകടനം നടന്നു.

സമരസമിതി ജില്ല ചെയർമാൻ അബൂബക്കർ ചെങ്ങാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ എ.വി. വിനോദ് കുമാർ, പി. ജഗനിവാസൻ, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി പാലാഴി മുഹമ്മദ് കോയ, സമരസമിതി നേതാക്കളായ പ്രഭാഷ്, സുരേഷ് ബാബു, അലീന, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി. ശേഷം വൈകീട്ട് തെയ്യന്‍റെ പാടം റോഡിനു സമീപം സർവേ നടക്കുമെന്നറിഞ്ഞ് പൊലീസും സമരസമിതി പ്രവർത്തകരുമെത്തിയെങ്കിലും കെ-റെയിൽ ഉദ്യോഗസ്ഥർ എത്താത്തതിനാൽ ജനക്കൂട്ടം പിരിഞ്ഞു പോവുകയായിരുന്നു.

അതിനിടെ വ്യാപാരി നേതാക്കളും കെ-റെയിൽ എൻജിനീയറും തമ്മിൽ ചർച്ച നടത്തി. പരപ്പനങ്ങാടി നഗരം പാടെ ഇല്ലാതാകുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണന്നും നിലവിലെ റെയിൽ പാളത്തിനടുത്ത് മേൽപാലം കെട്ടി ഉയർത്തി ടൗണിൽ പണിയുന്ന കെ-റെയിൽ വിപണിയെ തകർക്കില്ലന്നും ബോധപൂർവം എതിർപ്പുമായി നടക്കുന്നവർക്കൊഴികെ മറ്റെല്ലാവരുടെയും സംശയങ്ങൾ തീർത്തു കൊടുത്തിട്ടുണ്ടെന്നും റെയിൽവേയുടെ പൂർണ പിന്തുണയോടെ തന്നെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്നും തഹസിൽദാർ ഹക്കിം വിശദമാക്കി. വ്യാപാരികൾ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്ന് മർച്ചന്‍റ്സ് അസോസിയേഷൻ സെക്രട്ടറി മുജീബ് ദിൽദാർ പറഞ്ഞു. എന്നാൽ, 250ലേറെ കുടുംബങ്ങൾ കുടിയിറക്കപ്പെടുന്ന സാഹചര്യത്തിൽ പുനരധിവാസ പാക്കേജില്ലാതെ പദ്ധതിയോട് സഹകരിക്കില്ലെന്ന നിലപാടുമായി മുന്നോട്ടു പോവുകയാണ് പരപ്പനങ്ങാടി നഗരസഭ.

പ്രതിഷേധം ശക്തമായതോടെ അധികൃതർ സർവേ സംബന്ധിച്ച് പറയുന്ന കാര്യങ്ങളും യഥാർഥ വസ്തുതകളും പരസ്പരം പൊരുത്തപ്പെടുന്നതല്ലന്നും ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമരസമിതി ജില്ല അധ്യക്ഷൻ ചെങ്ങാട്ട് അബൂബക്കർ പറഞ്ഞു. നിലവിലെ അലൈൻമെന്‍റ് മാറ്റി ചരിത്ര നഗരമായ പരപ്പനങ്ങാടിയെ പരിരക്ഷിക്കണമെന്ന് സേവ് പരപ്പനങ്ങാടി ഫോറം നേതാക്കളായ ഡോ. മുനീർ നഹയും അബ്ദുസ്സലാം അച്ചമ്പാട്ടും ആവശ്യപ്പെട്ടു.

Tags:    
News Summary - Protest against Silver Line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.