പരപ്പനങ്ങാടി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ ഹെലികോപ്ടർ ഷോട്ടിന്റെ പകർപ്പുമായി പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനിയിലെ കായിക പരിശീലന കളരിയിൽ ഒന്നാം ക്ലാസുകാരി സപ്തമോളുണ്ട്. പിതൃസഹോദരൻ വിഷ്ണുവാണ് സപ്തയിലെ ക്രിക്കറ്റ് പ്രാഗല്ഭ്യം തിരിച്ചറിഞ്ഞത്. കുടുംബവും സ്കൂളും നാട്ടുകാരും ഉറച്ച പിന്തുണയുമായി കൂടെ നിന്നതോടെ മൂന്നാം വയസ്സിൽ ക്രിക്കറ്റിൽ ഹരിശ്രീ കുറിച്ച സപ്ത മൂന്നുവർഷം കൊണ്ട് ‘ഫോമിലായി’. ഹെലികോപ്ടർ ഷോട്ടിന്റെ സൗന്ദര്യവും കളിയിലെ ടൈമിങ്ങും സപ്തയെ വേറിട്ട് നിർത്തുന്നു.
വലിയ കളിക്കാരിയായി ഇന്ത്യൻ ടീമിൽ ഇടം നേടുക എന്നതാണ് ആഗ്രഹം. പരപ്പനങ്ങാടി നെടുവയിലെ മിഥുൻ-പ്രീന ദമ്പതികളുടെ ഏക മകളായ ഈ മിടുക്കിയുടെ ബാറ്റിങ് ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്വന്തം വിദ്യാലയമായ പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂളും പരപ്പനങ്ങാടി നഗരസഭയുമൊരുക്കിയ സ്വീകരണ ചടങ്ങ് നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ ഷഹർബാൻ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മൻസൂർ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ ബോബൻ അനുമോദന പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.