പരപ്പനങ്ങാടി: നിരന്തരമായി ‘മാധ്യമം’ ഉയർത്തിയ കുടിനീർ പദ്ധതിയെ ചേർത്തുപിടിക്കാൻ നാടും നഗരസഭയും തയാറെടുക്കുന്നു. പരപ്പനങ്ങാടി ടൗണിന്റെ മധ്യത്തിൽ അഞ്ചപ്പുരയിലെ കോഴിക്കോട് റോഡിന് ചേർന്നുള്ള ഒരേക്കറോളമുള്ള ഊർപായി ചിറയെ മാലിന്യ മുക്തമാക്കാൻ നഗരസഭ അധികൃതർ രംഗത്തെത്തി. വർഷങ്ങളായി മലിനമായി കിടക്കുന്ന ചിറയെ സംരക്ഷിക്കണമെന്ന് ‘മാധ്യമം’ പലതവണ വാർത്ത നൽകിയിരുന്നു.
എന്നാൽ, ചിറയിൽ ചില സ്വകാര്യ വ്യക്തികൾക്ക് അധികാര പങ്കാളിത്തമുണ്ടെന്ന സംശയത്തിന്മേൽ അധികാരികളുടെ ഇടപെടൽ വിജയിക്കാതെ പോവുകയായിരുന്നു. ഇപ്പോഴത്തെ മുനിസിപ്പൽ സ്ഥിര സമിതി അധ്യക്ഷ സീനത്ത് ആലിബാപ്പു നേരത്തേ പഞ്ചായത്ത് അധ്യക്ഷയായിരുന്ന ഘട്ടത്തിലും ഉമ്മർ ഒട്ടുമ്മൽ, വി.വി. ജമീല എന്നിവർ പ്രസിഡന്റായിരുന്ന സമയത്തും ചിറയെ നാടിന്റെ കുടിവെള്ള പദ്ധതിയാക്കി മാറ്റാൻ ഏറെ മുന്നോട്ടുപോയെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ തട്ടി വിജയിക്കാതെപോയി.
ചിറ നവീകരണവുമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ എൻ.എസ്.എസ് വളന്റിയർമാർ രംഗത്തെത്തിയതോടെ മുനിസിപ്പൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി.പി. ഷാഹുൽ ഹമീദിന്റെ നേതൃത്വൽ നാട് ഒന്നടങ്കം ദൗത്യമേറ്റെടുക്കാനും ഊർപായി ചിറയെ നാടിന്റെ തെളിനീർ കേന്ദ്രമായി മാറ്റാനും തീരുമാനിക്കുകയായിരുന്നു.
എൻ.എസ്.എസ് വളന്റിയർമാർക്ക് പുറമെ ജില്ല ട്രോമകെയർ വളന്റിയർമാർ, ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ സേവകർ, വിഖായ, സാന്ത്വനം, വളന്റിയർമാർ, വൈറ്റ് ഗാർഡ് അംഗങ്ങൾ എന്നീ കൂട്ടായ്മകൾക്ക് കീഴിൽ നാടിന്റെ മുഴുവൻ സഹകരണത്തോടെ 25ന് രാവിലെ ഏഴുമുതൽ ചിറ വൃത്തിയാക്കുന്ന ‘മാസ് ക്ലീനിങ്’ ആരംഭിക്കുമെന്ന് പി.പി. ഷാഹുൽ ഹമീദ് അറിയിച്ചു.
അതേസമയം, ചിറയെ വൃത്തിയാക്കിയെടുക്കുന്നതോടെ നാടിന്റെ പൊതുജല സ്രോതസ്സായി നിലനിർത്താനാവശ്യമായ നടപടിക്രമങ്ങൾ ആരംഭിച്ചതായും നേരത്തേ നിലനിന്നിരുന്ന സാങ്കേതിക കുരുക്കുകളെല്ലാം ഓരോന്നായി അഴിച്ചുവരുകയാണെന്നും മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.