പരപ്പനങ്ങാടി: കെ.ജി. വിദ്യാർഥികളും ഒന്നാം ക്ലാസുകാരും ഓടിയെത്തി വാരി പുണർന്നൊരു ചോദ്യണ്ട്. ടീച്ചറെ ഇന്ന് നോമ്പുണ്ടോ. കള്ളം പറയരുതെന്ന് പഠിപ്പിക്കുന്ന കുട്ടികളോട് എങ്ങനെ കള്ളം പറയും. ധർമ സങ്കടത്തിലാകുന്ന വിജിഷ ടീച്ചർ അവസാനം മതവീക്ഷണ ഭിന്നതകളുടെ അതിർ വരമ്പുകളറിയാത്ത കുഞ്ഞുങ്ങളുടെ മുന്നിൽ കീഴടങ്ങും. മുഖം പൊത്തി ടീച്ചർ പറയും.... ഇന്ന് നോമ്പില്ല. കുട്ടികൾ അതോടെ കൂട്ട കളിയാക്കലാരംഭിക്കും.
‘അയ്യേ ടീച്ചറെ നോമ്പില്ലേ....അത്താഴ കള്ളിയാണല്ലേ....’
പക്ഷേ ഇക്കുറി കുട്ടികളുടെ മുന്നിൽ തല ഉയർത്തി പിടിച്ചാണ് ടീച്ചർ ക്ലാസെടുക്കുന്നത്. നോമ്പെടുത്ത് വരുന്ന ടീച്ചറെ കൊച്ചുകൂട്ടുകാർ നോമ്പു തുറപ്പിക്കാൻ വീട്ടിലേക്ക് വിളിക്കുന്നുണ്ടെങ്കിലും റമദാനിലെ ആദ്യ പത്ത് സ്വന്തം വീട്ടിൽ നോമ്പുതുറക്കാൻ കാത്തിരിക്കുന്ന കുടുംബത്തോടൊപ്പമാണ് നീക്കിവെച്ചിട്ടുള്ളത്. ഗവ. മാപ്പിള എൽ.പി സ്കൂളിലെ മൂന്നും നാലും അഞ്ചും ക്ലാസിലെ കുട്ടികൾ നോമ്പെടുത്ത് ക്ലാസിലിരിക്കുമ്പോൾ അവരുടെ മുന്നിലിരുന്ന് എങ്ങനെ ഭക്ഷണം കഴിക്കുമെന്ന ആത്മഗതമാണ് റമദാനിലെ വിശേഷദിനങ്ങളിൽ നോമ്പെടുത്ത് തുടങ്ങാൻ പ്രേരിപ്പിച്ചത്.
വിദ്യാർഥി കാലം മുതൽ ഓരോ പത്തിലും ഓരോന്നുവീതം തുടങ്ങിയ നോമ്പ് ശീലം കഴിഞ്ഞ വർഷത്തോടെയാണ് ആവേശമായത്. ഈ വർഷം പരമാവധി നോമ്പുനോൽക്കണമെന്നാണ് നിശ്ചയമെന്നും പുതിയ തലമുറയിലെ കുരുന്നുകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാവില്ലന്നും വിജിഷ ടീച്ചർ ‘മാധ്യമ’ത്തോട് പറഞ്ഞു. പരപ്പനങ്ങാടി ടൗണിലെ ജി.എം.എൽ.പി സ്കൂൾ അധ്യാപകയായ വിജിഷ പ്രകാശ് അധ്യാപക പരിശീലക രംഗത്തെ സംസ്ഥാന റിസോഴ്സ് പേഴ്സൻ കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.