പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്കും അത്യാഹിത വിഭാഗവും പ്രവർത്തിക്കാനായി പുതിയ ബ്ലോക്കിന് 2020ൽ അനുവദിച്ച 11 കോടിയുടെ പദ്ധതി വിസ്മൃതിയിലേക്ക്. കിറ്റ്കോയാണ് പദ്ധതിയുടെ കൺസൽട്ടിങ് ഏജൻസി. പദ്ധതിക്ക് പ്ലാനും രൂപരേഖയും തയാറാക്കി ബന്ധപ്പെട്ട ഏജൻസികളിൽനിന്ന് സാങ്കേതികാനുമതി വാങ്ങി നിർമാണത്തിന് ടെൻഡർ നടപടി സ്വീകരിക്കേണ്ടതും കിറ്റ്കോയാണ്. എന്നാൽ പദ്ധതിക്ക് പ്ലാനോ രൂപരേഖയോ സമർപ്പിക്കാത്തതിനാൽ പ്രാരംഭ ഘട്ടത്തിലേക്ക് കടക്കാത്ത പ്രവൃത്തികളുടെ കൂട്ടത്തിലാണ് ഈ പദ്ധതി. കഴിഞ്ഞ നാലര വർഷത്തിനിടെ പലപ്പോഴായി ആശുപത്രി അധികൃതരും ജില്ല പഞ്ചായത്ത് അധികൃതരും കിറ്റ്കോയുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും നടന്നില്ല.
ഒരുതവണ വേറെയേതോ ആശുപത്രിക്കായി തയാറാക്കിയ പ്ലാൻ കൊണ്ടുവന്ന് അനുയോജ്യമാവുമോ എന്ന് നോക്കിയിരുന്നു. സ്ഥലം എം.എൽ.എയുടെ നേതൃത്വത്തിൽ ആരോഗ്യ ഡയറക്ടറെ നേരിൽ കണ്ട് മുടങ്ങിയ പദ്ധതി ജീവൻവെപ്പിക്കാൻ ജില്ല പഞ്ചായത്ത് പ്രതിനിധികളും എച്ച്.എസി അംഗങ്ങളും ശ്രമിച്ചിരുന്നു. അതിനു ശേഷം ഏതാനും മാസങ്ങൾ മുമ്പ് ആരോഗ്യമന്ത്രി ആശുപത്രി സന്ദർശിച്ചപ്പോഴും മുടങ്ങിപ്പോയ പദ്ധതി സംബന്ധിച്ച് യാതൊരു വർത്തമാനുവുമില്ല. കിഫ്ബി വഴിയാണ് പദ്ധതിക്ക് ഫണ്ടനുവദിച്ചത്. ജൂൺ 12ന് ജില്ലയിലെ സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ പരിമിതി ചൂണ്ടിക്കാട്ടിയ ഘട്ടത്തിൽ ആരോഗ്യമന്ത്രി നിയമസഭയിൽ നൽകിയ വിശദീകരണത്തിലും പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 11 കോടി രൂപ കിഫ്ബി വഴി അനുവദിച്ചതായി പറയുന്നുണ്ട്. എന്നാൽ മന്ത്രി വിചാരിക്കാതെ പദ്ധതി ചലിക്കില്ലെന്ന സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.