പെരിന്തൽമണ്ണ: ഏലംകുളം രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായുള്ള അവസാനഘട്ട പ്രവൃത്തികൾക്കുള്ള 27.10 ലക്ഷം രൂപയുടെ വകുപ്പുതല അനുമതിയായി. പ്രളയത്തിൽ നശിച്ച മോട്ടോറുകളും സ്റ്റാർട്ടറുകളും കേബിളുകളും സബ് പാനലുകളും പുനഃസ്ഥാപിക്കുന്നതിനും വൈദ്യുതീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കുമാണ് തുക. ലിഫ്റ്റ് ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയറാണ് അനുമതി നൽകിയത്.
ഏലംകുളം ഗ്രാമപഞ്ചായത്തിലെ എട്ട് വാർഡുകളിലെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള ജലവിതരണ പദ്ധതിയാണിത്. തൂത പുഴയോരത്തെ മുതുകുർശ്ശിക്കടുത്ത രാമഞ്ചാടിയിലുള്ള പമ്പ് ഹൗസിൽ 2018ലെ പ്രളയത്തിൽ വെള്ളം കയറുകയും നാലു മോട്ടോറുകൾ ഉൾപ്പെടെ തകരാറിലാവുകയും ചെയ്തിരുന്നു. തകരാറിലായ മോട്ടോറുകൾ പുനഃസ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനും ഉൾപ്പെടെയുള്ള പ്രവൃത്തികൾക്കാണ് ഇപ്പോൾ വകുപ്പ് അനുമതി നൽകിയത്. ഇതോടെ മുടങ്ങിക്കിടക്കുന്ന രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തന സജ്ജമാവുന്നതിനുള്ള വഴി തുറക്കപ്പെട്ടിരിക്കുകയാണ്.
മുടങ്ങിക്കിടന്നിരുന്ന ഈ പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് ഏലംകുളം ഗ്രാമപഞ്ചായത്തിലെ കാർഷികമേഖലക്ക് പുത്തനുണർവാവും. പമ്പ് ഹൗസിനുള്ള കെട്ടിട നിർമാണം നേരത്തേ പൂർത്തീകരിച്ചിരിക്കുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എയുടെ ഒാഫിസിൽനിന്ന് അറിയിച്ചു.
മലപ്പുറം: നാമ്പ്രാണി തടയണ നിർമാണത്തിന് മൂന്നര കോടി രൂപ ജല അതോറിറ്റി നൽകുമെന്ന് സൂചന. ജല അതോറിറ്റി പണം നൽകുന്നതോടെ പദ്ധതിയുടെ തടസ്സങ്ങൾ നീങ്ങും. ഇതോടെ തടയണ നിർമാണത്തിന് ടെൻഡർ ക്ഷണിക്കാൻ ഇനി കോഴിക്കോട് ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ അനുമതി മാത്രം മതി. കടലുണ്ടിപ്പുഴയിൽ നിർമിക്കുന്ന തടയണക്ക് ആദ്യഘട്ടത്തിൽ ചെലവ് പ്രതീക്ഷിച്ചിരുന്നത് 16.5 കോടി രൂപയാണ്. നടപടികൾ നീണ്ടതോടെ നിർമാണച്ചെലവും കുത്തനെ കൂടി. ഇതോടെ പഴയ എസ്റ്റിമേറ്റ് പ്രകാരം നിർമാണം പൂർത്തീകരിക്കാൻ കഴിയില്ലെന്നും പുതുക്കിയ നിരക്ക് പ്രകാരം 20.50 കോടി രൂപ ചെലവ് വരുമെന്നും കാണിച്ച് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ നഗരസഭക്ക് കത്തുനൽകിയിരുന്നു.
അധികതുക നിലവിലെ സാമ്പത്തികസ്ഥിതിയിൽ അനുവദിക്കാൻ സാധ്യമല്ലെന്ന് നഗരസഭ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അധികമായി പണം ജല അതോറിറ്റി വഹിക്കാമെന്ന് സൂചന നൽകിയത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും പണം ലഭിക്കുമെന്നു തന്നെയാണ് നഗരസഭയുടെ പ്രതീക്ഷ. തിരിച്ചടക്കേണ്ടി വരുമെന്ന ഉടമ്പടിയിലായിരിക്കും തുക അനുവദിക്കുക. പണം ലഭിച്ചില്ലെങ്കിൽ തടയണയുടെ പ്രവൃത്തി രണ്ടു ഘട്ടമായി പൂർത്തിയാക്കിയാൽ മതിയെന്നാണ് നഗരസഭ നിലപാട്. ആദ്യഘട്ടത്തിൽ തടയണയും രണ്ടാം ഘട്ടത്തിൽ പമ്പ് ഹൗസ് നിർമാണവും പുഴയുടെ അരിക് ഭിത്തികെട്ടലും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.