പെരിന്തൽമണ്ണ: ബൈപാസ് റോഡിൽ എക്സ്പോ മൈതാനത്ത് സംരംഭകമേളയിൽ അനുമതി കൂടാതെ ടിക്കറ്റ് വെച്ച് ഗാനമേള നടത്തുകയും ഉൾക്കൊള്ളാവുന്നതിലേറെ ആളുകളെത്തി സംഘർഷത്തിൽ കലാശിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് രണ്ട് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ എട്ടുപേരെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഇവരുൾപ്പെടെ 20 പേർക്കെതിരെയാണ് കേസ്. എക്സ് പോ നടത്തിപ്പുകാർക്കെതിരെയും കേസെടുത്തു. സംഭവത്തിൽ പൊലീസും നഗരസഭയും വെവ്വേറെ അന്വേഷണം നടത്തും.
മൂന്നു ദിവസങ്ങളിലായി ഫുഡ് കോർട്ടും 34 സ്റ്റാളും സ്ഥാപിക്കാനാണ് അനുമതി തേടിയതെന്നും 1963 ലെ കേരള പ്ലൈസസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട് പ്രകാരമാണ് താൽക്കാലികമായി നഗരസഭ അനുമതി നൽകിയതെന്നും സെക്രട്ടറി ജി. മിത്രൻ അറിയിച്ചു. എന്നാൽ സ്റ്റാളുകളുടെ എണ്ണം കൂട്ടി നഗരസഭയുടെ അനുമതിയില്ലാതെ സ്റ്റേജ് സ്ഥാപിച്ച് സംഗീത നിശ നടത്തിയത് ചട്ടവിരുദ്ധമാണ്.
ഇത്തരം ഘട്ടങ്ങളിൽ അപേക്ഷ ലഭിച്ചാൽ പരിശോധിച്ച് അനുയോജ്യമെങ്കിൽ മാത്രമാണ് ലൈസൻസ് നൽകാറുള്ളത്. ഉൾക്കൊള്ളാവുന്നതിനേക്കാൾ ആളുകളെ പങ്കെടുപ്പിച്ച് സംഗീത നിശ നടത്തിയതടക്കം കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വിവിധ വകുപ്പുകളുടെ അനുമതി വാങ്ങിയാണ് നഗരസഭയെ സമീപിച്ചതെന്നും മാലിന്യ സംസ്കരണമാണ് നഗരസഭ നേരിട്ട് ഏറ്റെടുത്തതെന്നും എക്സ്ബിഷന്റെ ഭാഗമായ സംഗീത പരിപാടിക്ക് അനുമതി തേടിയിട്ടില്ലെന്നും സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പി. ഷാജിയും അറിയിച്ചു. മൂന്നുദിവസത്തെ പരിപാടിയുടെ സമാപന ദിനമായ ഞായറാഴ്ചയാണ് സംഗീതനിശ നടന്നത്. പ്രതീക്ഷിച്ചതിലേറെ ആളുകളെത്തി തള്ളിക്കയറിയതും നേരത്തെ ടിക്കറ്റെടുത്തവർത്ത് അകത്ത് കയറാനാവാതാവുകയും ചെയ്തതാണ് സംഘർഷത്തിലെത്തിയത്. പന്തലും കസേരകളും സൗണ്ട് സംവിധാനങ്ങളും നശിപ്പിച്ചു. ഞായറാഴ്ച രാത്രി പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്.
പെരിന്തൽമണ്ണ: ഗാനമേളക്കിടെ സൗണ്ട്, പന്തൽ സംവിധാനങ്ങൾ നശിപ്പിക്കുകയും ഉപകരണങ്ങൾ മോഷ്ടിക്കുകയും ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പെരിന്തൽമണ്ണയിൽ നാലു റോഡുകളിലും പ്രതിഷേധ പ്രകടനം നടത്തിയ ശേഷം പട്ടാമ്പി റോഡിൽ പ്രതിഷേധ പൊതുയോഗവും നടത്തി.
ജില്ല ജനറൽ സെക്രട്ടറി വി. അബ്ദുറഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ സി.എം. ഉമ്മർ, ജില്ല വൈസ് പ്രസിഡന്റ് നാസർ താനൂർ, സെക്രട്ടറിമാരായ ജാഫർ അലി തേറമ്പൻ, എൻ. അബ്ബാസലി, മുസ്തഫ കന്നുംപുറം, പി. അബ്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.