പെരിന്തൽമണ്ണ: ഒലിങ്കരയിൽ 400 ഭൂരഹിത കുടുംബങ്ങൾക്കായി നിർമിച്ച നഗരസഭയുടെ ലൈഫ് പാർപ്പിട സമുച്ചയത്തിൽ മലിനജല സംസ്കരണം ഗൗരവമായി കാണണമെന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ ആവശ്യം. കോൺഗ്രസ് അംഗം എം.എം. സക്കീർ ഹുസൈനാണ് വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
നഗരസഭയിൽ ഓരോ വീടും കടകളും കേന്ദ്രീകരിച്ച് ശുചിത്വ പദ്ധതികൾ ആവിഷ്കരിക്കുന്ന നഗരസഭയുടെ ആരോഗ്യ വിഭാഗവും നഗരസഭ ഭൂമി വാങ്ങി കുടുംബങ്ങളെ പാർപ്പിച്ച ലൈഫ് അപ്പാർട്ടുമെന്റുകളെ അവഗണിക്കുന്നെന്ന സ്ഥിതി ശരിയല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. 400 കുടുംബങ്ങൾക്കായി നിർമിച്ച 34 പാർപ്പിട സമുച്ചയങ്ങളാണ് ഒലിങ്കരയിൽ.
ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ അനുവദിച്ച നാലു ലക്ഷം രൂപ വീതവും തൊഴിലുറപ്പ് വിഹിതവുമടക്കം ചേർത്ത് ശേഷിക്കുന്ന തുക നഗരസഭയും ലൈഫ് മിഷനും ചേർത്താണ് സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ പാർപ്പിട സമുച്ചയം സ്ഥാപിച്ചത്. 34 അപ്പാർട്ടുമെൻറുകളിലും സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് ഏതാനും രണ്ടുമാസം മുമ്പ് ഇവയിൽ പലതും നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതോടെ താഴ്ഭാഗത്ത് വലിയ കുഴി നിർമിച്ച് ടാങ്കുകളിലെ മലിനജലം അതിലേക്ക് ഒഴുക്കി വിടുകയായിരുന്നു.
പരിഹാരം വേണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്ത് വന്നിരുന്നു. പൂർത്തിയായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി 2021 ൽ തന്നെ 120 കുടുംബങ്ങൾക്ക് പാർപ്പിടം കൈമാറിയിരുന്നു. ഇപ്പോൾ 220 ഓളം കുടുംബങ്ങൾ ഇതിലുണ്ട്. അതേസമയം പാർപ്പിട സമുച്ചയത്തിൽ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി സെപ്റ്റിക് ടാങ്കുകളെ ബന്ധിപ്പിച്ച് കൂടുതൽ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നാലു കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ടെന്നും സാങ്കേതികാനുമതി കാത്തിരിക്കുകയാണെന്നും നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.
അതിനിടെ സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് ഒഴുകുന്നതിന് പരിഹാരം കാണാൻ പാർപ്പിട സമുച്ചയത്തിന് ചുറ്റും സംരക്ഷണമതിൽ നിർമിക്കാനും പി.വി.സി പൈപ്പുകൾ സ്ഥാപിക്കാനും വെള്ളിയാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ 62 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി. നഗരസഭ എൻജിനീയറിങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.