പെരിന്തൽമണ്ണ: നിലമ്പൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ 30 കിലോമീറ്റർ നിർമാണം പാതിയാക്കിയിട്ട നിലയൽ കിടക്കുന്നത് വലിയ അപകട ഭീഷണി. ഒരുതവണ ഇന്ധന ടാങ്കർ മറിഞ്ഞ് വലിയ അപകട ഭീഷണി ഉയർന്ന പെരിന്തൽമണ്ണ ടൗണിലെ ഊട്ടി റോഡിലാണ് ഏറ്റവും വലിയ അപകടക്കെണി. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് അർധരാത്രി 11.30നാണ് ഇവിടെ റോഡ് വക്കിൽ കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞ് ടാങ്കർ ചതുപ്പിൽ പതിച്ചത്. അപകട സൂചന ബോർഡുകളോ മറ്റു സിഗ്നലുകളോ ഉണ്ടായിരുന്നില്ല. നിലമ്പൂർ ഭാഗത്തുനിന്നുള്ള ചരക്കുലോറികളടക്കം ഇപ്പോഴും വലിയ വാഹനങ്ങൾ ചുരം കയറുന്ന മാതൃകയിലാണ് കയറ്റവും വലിയ കുഴികളുമുള്ള ഇതുവഴി കടന്നുപോവുന്നത്. ഇവിടെ തോടിനുകുറുകെയുള്ള പാലം പൊളിച്ച് പണിയലും റോഡ് പണിയിൽ വരുന്നുണ്ട്. 2023 മാർച്ച് 18നാണ് ഈ പാലം പുതുക്കിപ്പണിയാനായി പൊളിച്ചത്. കോൺക്രീറ്റ് ചെയ്തെങ്കിലും പാലത്തിലേക്ക് പ്രവേശിക്കേണ്ട റോഡ് ഉയർത്തുകയോ വീതി കൂട്ടുകയോ ചെയ്യാതെയാണ് ഇതുവഴി പൊതുമരാമത്ത് റോഡ്സ് വിഭാഗം ഗതാഗതം അനുവദിച്ചത്. ടാങ്കർ അപകടമുണ്ടായ ഘട്ടത്തിൽ തന്നെ അപകടാവസ്ഥ പരിഹരിക്കാനും റോഡ് നന്നാക്കാനും ആവശ്യമുയർന്നതാണ്. എന്നാൽ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് വിഭാഗമാണ് ഇത് ചെയ്യുന്നതെന്നും മരാമത്ത് നിരത്ത് വിഭാഗത്തിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടിലായിരുന്നു അവർ.
പെരിന്തൽമണ്ണ: 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തി ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാൻ കരാറുകാരന് വിട്ടുനൽകിയതാണ് മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള 30 കി.മീ പാത. മൂന്നര വർഷം കൊണ്ടും പാതി വഴിയിലിട്ട് അലംഭാവം തുടർന്നിട്ടും ഫലപ്രദമായി മരാമത്ത് വകുപ്പ് ഇടപെട്ടില്ല. ഇപ്പോൾ കരാറുകാരനെ മാറ്റി കരാർ റദ്ദാക്കൽ നടപടിയിലായിരുന്നു തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പുള്ള മൂന്നു മാസം. ഇതിനിടയിൽ വലിയ കുണ്ടിലും കുഴിയിലും വാഹനങ്ങൾ വീണ് അപകടവും മരണങ്ങളും റിപ്പോർട്ട് ചെയ്തു. മരാമത്ത് വകുപ്പ് മന്ത്രിയോ ഉദ്യോഗസ്ഥരോ കണ്ണ് തുറന്നില്ല. കരാർ റദ്ദാക്കിയതോടെ പുതിയ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ച് ടെൻഡർ വിളിച്ച് പ്രവർത്തി ആരെയെങ്കിലും ഏൽപ്പിക്കാൻ പെരുമാറ്റ ചട്ടം തീരുന്ന ജൂൺ പകുതി വരെ കാത്തിരിക്കണം.
പിന്നീട് മഴ തുടങ്ങിയാൽ മൺസൂൺ കഴിയുന്നത് വരെയാവും കാത്തിരിപ്പ്. അടുത്ത കാലത്തൊന്നും ഈ കുരുക്ക് തീരില്ലെന്നാണ് വസ്തുത. 138.5 കോടി രൂപക്കാണ് ടെൻഡർ നൽകിയത്. 53 ശതമാനം വരെ ഹൈദരാബാദ് കേന്ദ്രമായ കമ്പനി പ്രവർത്തി തീർത്തെന്നാണ് കണക്ക്. ബാക്കിയുള്ള തുക കൊണ്ട് 47 ശതമാനം തീരില്ല. അതിന് അധിക തുക കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കുമെതിരെ വിവിധ സംഘടനകളും വ്യാപാരികളും ഈ റോഡിന്റെ ദുരവസ്ഥ ഉയർത്തി സമരം നടത്തിയതാണ്. സർക്കാറോ ഉദ്യോഗസ്ഥരോ കണ്ട മട്ട് നടിക്കാത്തതിനാലാണ് ഊട്ടി റോഡിലടക്കം പലയിടത്തും അപകടാവസ്ഥയിൽ ഈ റോഡ് തുടരുന്നത്. ഏറ്റവും തകർന്നുകിടന്നത് പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെയാണ്. പലഭാഗത്തും വലിയ കുഴികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.