പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് 18ൽ 14 ജീവനക്കാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം നൽകി യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയെ പ്രതിസന്ധിയിലാക്കി സർക്കാർ. അവശേഷിക്കുന്നത് രണ്ടു സ്വീപ്പറും രണ്ടു പ്യൂണും മാത്രമാണ്. പഞ്ചായത്ത് സെക്രട്ടറി, അസി. എൻജിനീയർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടൻറ്, അഞ്ച് യു.ഡി ക്ലർക്കുമാർ എന്നിവരെ സ്ഥലം മാറ്റി അന്തിമ ഉത്തരവ് വന്നു. അഞ്ച് എൽ.ഡി ക്ലർക്കുമാരെ സ്ഥലം മാറ്റുന്ന കരട് ലിസ്റ്റും ഇറങ്ങി.
പ്രധാന തസ്തികയിലേക്കൊന്നും ഇവിടേക്ക് പകരക്കാരെ നിയമിച്ചിട്ടുമില്ല. പഞ്ചായത്തിന്റെ മുഴുവൻ കത്തിടപാടുകൾ നടത്തേണ്ടതും സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടു കൊടുക്കേണ്ടതും മുഴുവൻ പദ്ധതികളുടെയും അലോട്ട്മെൻറ് നിർവഹണ ഉദ്യോഗസ്ഥന്മാർക്ക് അനുവദിച്ചു കൊടുക്കേണ്ടതും സെക്രട്ടറിയാണ്. അടിയന്തരവും അനിവാര്യവുമായ ഈ സംവിധാനങ്ങളെല്ലാം സ്തംഭിക്കും.
നിർമാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് എടുക്കേണ്ടതും പൂർത്തിയായ പ്രവൃത്തികളുടെ ബില്ല് തയാറാക്കേണ്ടതും വാർഷിക പദ്ധതിയിൽ നിർമാണ പ്രവൃത്തികളുടെ നിർവഹണം നടത്തേണ്ടതും അസിസ്റ്റൻറ് എൻജിനീയറാണ്. ഇതും പൂർണമായി സ്തംഭിക്കും. പൊതുജനങ്ങളുടെ പരാതികൾ ഫ്രണ്ട് ഓഫിസിൽ സ്വീകരിക്കാനോ തുടർനടപടി സ്വീകരിക്കാനോ ആരുമില്ലാതാവും. പത്ത് ക്ലർക്കുമാർ കൂട്ടത്തോടെ സ്ഥലം മാറ്റപ്പെടുകയാണ്. പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറില്ലാതെ മുൻ വർഷം പദ്ധതി തുക ചെലവിടാതെ വലിയ പ്രതിസന്ധി വന്നിരുന്നു.
ഒരുകോടി രൂപയോളം മരാമത്ത് വിഭാഗത്തിൽ മാത്രം ലാപ്സായി. അസി. എൻജിനീയർ ഇല്ലാതായതോടെ പുറമെ നിന്ന് പഞ്ചായത്ത് അംഗങ്ങൾ കൂലിക്ക് എൻജിനീയറെ വിളിച്ച് എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരം വാങ്ങിയാണ് മുൻവർഷം ചില പദ്ധതികൾ പൂർത്തിയാക്കിയത്. മുൻവർഷം ഇത്തരത്തിൽ എ.ഇ ഇല്ലാത്ത വിഷയം തദ്ദേശ മന്ത്രി എം.ബി. രാജേഷിനെ തിരുവനന്തപുരത്തെത്തി നേരിൽ കണ്ട് ആവശ്യപ്പെട്ട് നാളുകൾ കാത്തിരുന്നിട്ടും പരിഹരിച്ചില്ല. സി.പി.എം ഭരിച്ചിരുന്ന പഞ്ചായത്ത് 2020ൽ യു.ഡി.എഫ് പിടിച്ചെടുത്തതാണ്.
അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്തിന്റെ ഭരണം സ്തംഭിപ്പിച്ച് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയെ പ്രതിസന്ധിയിലാക്കൽ മാത്രമാണ് കൂട്ട സ്ഥലം മാറ്റത്തോടെ എൽ.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് യു.ഡി.എഫ്.
വിഷയം സി.പി.എമ്മിനെതിരെ തിരിച്ചുവിട്ട് ജനങ്ങളെ ബോധവത്കരിക്കാനുള്ള തീരുമാനത്തിലാണ് യു.ഡി.എഫ്. രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്ന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ മുരളീധരനും കൺവീനർ കളത്തിൽ ഹാരിസും ആരോപിച്ചു. അടിയന്തരമായി ഒഴിവുകൾ നികത്തി ജന ദ്രോഹ നടപടി സർക്കാർ തിരുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദയും വൈസ് പ്രസിഡന്റ് ഷബീർ കറുമുറുക്കിലും ആവശ്യപ്പെട്ടു. ഉടനെ തന്നെ പകരക്കാരെ നിയമിച്ചത് ഒഴിവുകൾ നികത്തിയില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അബൂതാഹിർ തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.