പെരിന്തൽമണ്ണ: കോവിഡ് ബാധിച്ചയാളുടെ വീടിെൻറ പരിസരത്തുപോലും ആളുകളെത്താൻ മടിയുള്ള കാലത്ത് ആരംഭിച്ച കോവിഡ് ബാധിതരുടെ മൃതദേഹ സംസ്കരണം ഇപ്പോഴും വിശ്രമമില്ലാതെ തുടരുകയാണ് പാതാക്കരയിലെ അൻവർ ഫൈസി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങൾ സംസ്കരിക്കുന്ന വാർത്തകളും ചിത്രങ്ങളും കണ്ടാണ് ഇദ്ദേഹവും സുഹൃത്തുക്കളും സേവനത്തിനിറങ്ങിയത്. പെരിന്തൽമണ്ണയിലും പരിസരങ്ങളിലും ആരംഭിച്ച സേവനം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ജില്ലക്ക് പുറത്തേക്കും നീണ്ടപ്പോൾ ഇദ്ദേഹത്തിെൻറ കരസ്പർശമേറ്റ് കടന്നുപോയത് 350ലേറെ മൃതദേഹങ്ങളാണ്. അന്ത്യകർമങ്ങൾ ചെയ്ത് പച്ചമണ്ണിൽ മൃതശരീരം വെച്ച് മടങ്ങുമ്പോൾ പി.പി.ഇ കിറ്റിനകത്ത് മുഖം പോലും വ്യക്തമാവാത്തയാളോട് വാക്കുകൾക്കപ്പുറമുള്ള നന്ദിയും കടപ്പാടുമായി ബന്ധുക്കളെത്തിയിരുന്നതും കൈവീശി യാത്രപറഞ്ഞു പോന്നതുമാണ് അൻവർ ഫൈസിക്ക് ഒാർക്കാൻ. ഉറ്റവരിലൊരാളുടെ വേർപാടിൽ ചെല്ലുന്നിടങ്ങളിലെല്ലാം കണ്ട ദുഃഖവും വേദനയും ഒരേപോലെയായിരുന്നു.
അടുത്ത സുഹൃത്തുക്കളായ ചെറുകരയിലെ സൈതലവി, പെരിന്തൽമണ്ണ പാലോളി പറമ്പിലെ ആസിഫ്, കക്കൂത്തുകാരായ മുനീർ, ഷഫീഹ് എന്നിവരായിരുന്നു സന്നദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട്. നിലമ്പൂരിലും തിരൂരിലും ജില്ലക്ക് പുറത്തും പോയി ജീവനറ്റ ഒട്ടേറ ശരീരങ്ങൾ സംസ്കരിക്കേണ്ടി വന്നു. ആലിപ്പറമ്പ് ഒടമലയിലാണ് ആദ്യമായി കോവിഡ് ബാധിതെൻറ മൃതദേഹം ഖബറടക്കിയത്. ഇപ്പോഴും കോവിഡ് മരണങ്ങൾ നടന്നാൽ വിളിയെത്തുന്നു.
ഹൈന്ദവ സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് സംസ്കരിേക്കണ്ടതെങ്കിൽ അവരുടെ മതാചാരപ്രകാരമുള്ള രീതി ചോദിച്ചറിഞ്ഞ് ചെയ്യുകയായിരുന്നു. ഷൊർണൂരിലെ ഐവർമഠം ശ്മശാനത്തിൽ പത്തിലേറെ മൃതദേഹങ്ങളുമായി അൻവർ ഫൈസിയും സുഹൃത്തുക്കളും പോയിട്ടുണ്ട്. കക്കൂത്ത് കുമരകുളം മദ്റസയിൽ പ്രധാനാധ്യാപകനായ ഇദ്ദേഹം സുന്നി യുവജന സംഘം ആമില ടാസ്ക് സെൽ മണ്ഡലം കോഒാഡിനേറ്ററും എസ്.കെ.എസ്.എസ്.എഫ് ഭാരവാഹിയുമാണ്. ഭാര്യ ശബ്നയും ഇത്തരം സേവനങ്ങൾ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.