പെരിന്തൽമണ്ണ: പണമോ ടോക്കണോ നൽകാതെ ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ മടക്കി നൽകിയപ്പോൾ അവ ശവപ്പെട്ടിയിലാക്കി, ബില്ലുകളുടെ ശവമഞ്ചവുവുമായി ജനപ്രതിനിധികളുടെ വിലാപയാത്രാസമരം. അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ഒരുകോടിയോളം രൂപയുടെ ബില്ലുകളാണ് സബ് ട്രഷറിയിൽനിന്ന് പണം നൽകാതെ മടക്കിയത്.
മാർച്ച് 22ന് നൽകിയ ബില്ലുകൾ അടക്കം പാസാക്കാത്തവയിലുണ്ട്. ടോക്കണും നൽകാത്തതിനാൽ ക്യൂബില്ലുകളുടെ ലിസ്റ്റിൽ പെടുത്താതെ ബില്ലുകൾ പൂർണമായും തിരിച്ചുനൽകി. ആശുപത്രിയിലേക്ക് മരുന്ന് വാങ്ങൽ, അംഗൻവാടി പോഷകാഹാരം വിതരണം, ഭിന്നശേഷി കുട്ടികൾക്കുള്ള സ്കോളർഷിപ്പ്, കൃഷിക്കാർക്കുള്ള വിവിധ സബ്സിഡികൾ തുടങ്ങിയവയുടെ ബില്ലുകൾ പണം നൽകാതെ മടക്കിയവയിൽ ഉൾപ്പെടും. പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുന്നിൽ നടക്കുന്ന രണ്ടാമത്തെ സമരമാണിത്. നേരത്തെ ബ്ലോക്ക് പഞ്ചായത്ത് സമരം നടത്തിയിരുന്നു.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു, തവളേങ്ങൽ ഫൗസിയ, അംഗങ്ങളായ ദാമോദരൻ, ഷംസാദ് ബീഗം, ഖദീജ ആറങ്കോടൻ, ജസീന അങ്കക്കാടൻ, അൻവർ പുത്തനങ്ങാടി, സ്വാലിഹ നൗഷാദ്, തൂമ്പലക്കാടൻ ബഷീർ, ശിഹാബ് ചാത്തനല്ലൂർ എന്നിവരാണ് ‘ശവമഞ്ചവു’മായി എത്തിയത്.
മറ്റു ട്രഷറികളിൽ കൈകൊണ്ട നടപടികളല്ല പെരിന്തൽമണ്ണയിൽ സ്വീകരിച്ചതെന്നും പണം നൽകാതിരിക്കാൻ ബോധപൂർവം ശ്രമം നടത്തിയെന്നും കാണിച്ച് ട്രഷറി ഓഫിസർ ഇബ്രാഹീമിനെതിരെ ട്രഷറി ഡയറക്ടർക്ക് പരാതി നൽകി. അതേസമയം മാർച്ച് 22വരെ പണം അനുവദിച്ചിട്ടുണ്ടെന്നും അതിനുശേഷം സർക്കാർ നിർദേശ പ്രകാരമാണ് ബില്ലുകൾ മാറി നൽകാതിരുന്നതെന്നുമാണ് ട്രഷറി ഓഫിസർ ഇബ്രാഹീം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.