പെരിന്തൽമണ്ണ: കോഴ്സ് പൂർത്തിയാക്കിയ ആയുർവേദ ഡോക്ടർമാർക്ക് തുടർ പരിശീലനമെന്ന പേരിൽ സ്വകാര്യ വ്യക്തികൾ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നതായി ആക്ഷേപം.
ആരോഗ്യ സർവകലാശാലക്ക് കീഴിലെ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളെന്ന് തെറ്റിദ്ധരിച്ച് ഇതിൽ പണം മുടക്കി പലരും പരിശീലനം നേടുന്നുണ്ട്. സർവകലാശാലയോ ആയുർവേദ മെഡിക്കൽ വിഭാഗമോ ആയുഷ് വകുപ്പോ അറിയാതെയാണ് ഈ പരിശീലനം.
ആദ്യഘട്ട ലോക്ഡൗൺ സമയത്ത് സ്വകാര്യ ആയുർവേദ ഡോക്ടർമാരുെട സംഘടന ആയുർവേദ ഡോക്ടർമാരെയും വിദഗ്ധരെയും പങ്കെടുപ്പിച്ച് ഒാൺലൈൻ പ്ലാറ്റ്ഫോമിൽ ചികിത്സയുടെ വിവിധ വശങ്ങൾ സംബന്ധിച്ച് സൗജന്യ പരിശീലനം നൽകിയിരുന്നു. എന്നാൽ, ഇതിെൻറ തുടർച്ചയെന്നോണമാണ് ഇപ്പോൾ വ്യക്തികൾ ഫീസീടാക്കി സർട്ടിഫിക്കറ്റ് കോഴ്സുമായി രംഗത്തുവന്നിരിക്കുന്നത്.
സർക്കാർ മുൻൈകയെടുത്ത് നടത്തേണ്ട തുടർവിദ്യാഭ്യാസ പദ്ധതികൾ സ്വകാര്യ വ്യക്തികൾ നടത്തുന്നത് നിയന്ത്രിക്കണമെന്നും സർവകലാശാല നേരിട്ട് ഇത്തരം പരിശീലനങ്ങൾ നൽകണമെന്നും സ്വകാര്യ ആയുർവേദ ഡോക്ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.
കേരളത്തിനു പുറത്തുള്ള ആയുർവേദ കോളജിൽനിന്ന് പുറത്തിറങ്ങിയവരെയും പഠിക്കുന്നവരെയും ലക്ഷ്യമിട്ട് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നത് ആയുർവേദ ഡോക്ടർമാരുടെ സംഘടനയിൽ നേരേത്ത വലിയ വിവാദത്തിനിടയാക്കിയിരുന്നു.
ഇ–ലേണിങ് പരിശീലനത്തെക്കുറിച്ച് അന്വേഷണം വേണം –മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോ.
പെരിന്തൽമണ്ണ: ആയുർവേദരംഗത്തെ ഇ-ലേണിങ് കോഴ്സുകളെക്കുറിച്ചും അത് നടത്തുന്നവരെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും സർക്കാർ അറിവോടെ സർവകലാശാല ഹ്രസ്വകാല പഠന കോഴ്സുകൾ ആരംഭിക്കണമെന്നും പ്രൈവറ്റ് ആയുർവേദ മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻറ് ഡോ. പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി.എസ്. ശ്രീനിവാസൻ, ഡോ. പി.എസ്. സുരേഷ്, ഡോ. ടി.എസ്. നാരായണൻകുട്ടി, ഡോ. എസ്. നാരായണ കൈമൾ, ഡോ. വി. ഗോപാലകൃഷ്ണൻ, ഡോ. വി. ബിജു വെട്ടം, ഡോ. ഷീബ കൃഷ്ണദാസ്, ഡോ. കെ. ദേവകൃഷ്ണൻ, ഡോ. രമാദേവി, ഡോ. കെ. രാമചന്ദ്രൻ തൃത്താല, ഡോ. പി.പി. ഭാസ്കരൻ, ഡോ. പി. രാമാനുജൻ നായർ, ഡോ. എ. ദീപ്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.