പെരിന്തൽമണ്ണ: യാത്രാപ്രശ്നത്തിൽ പൊതുജനാഭിപ്രായം തേടി പെരിന്തൽമണ്ണ ടൗണിൽ പത്തോളം കേന്ദ്രങ്ങളിൽ ഒപ്പുശേഖരണം. പെരിന്തൽമണ്ണ നഗരസഭ മുൻകൈ എടുത്ത് നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തിനെതിരെ തുടക്കം മുതൽ എതിർപ്പുയരുന്നുണ്ട്. ട്രാഫിക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജനകീയ ഒപ്പ് ശേഖരണം.
നഗരസഭ ഒാഫിസ് കവാടത്തിങ്ങലിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിലും മറ്റിടങ്ങളിൽ വിവിധ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിലുമായിരുന്നു ഒപ്പ് ശേഖരണം. നഗരത്തിൽ നാലുറോഡിലുമായി ടൗൺ പ്രദേശവും പരിസരവും ബസ് സർവിസില്ലാത്ത വിധത്തിലാണ് ക്രമീകരണം.
മാത്രവുമല്ല, ഊട്ടി റോഡ് വഴി വരുന്ന ബസുകൾക്ക് നഗരത്തിേലക്ക് പ്രവേശനമില്ല. വിവിധ ഭാഗങ്ങളിൽനിന്നുവരുന്ന യാത്രക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാർഥികൾ, ആശുപത്രികളിൽ എത്തുന്ന രോഗികൾ തുടങ്ങിയവർ ബസിറങ്ങിയ ശേഷവും തിരികെ അതത് പ്രദേശങ്ങളിലേക്ക് മടങ്ങാനും അധികപണം മുടക്കി ഒാട്ടോ സർവിസ് ആശ്രയിക്കണം. പല സംഘടനകൾ നിവേദനങ്ങളും ബദൽ നിർദേശങ്ങളും സമർപ്പിച്ചിട്ടും ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തിയിട്ടും പ്രശ്നം പരിഹരിക്കുന്നില്ല. ടൗണിലെ യാത്രാക്ലേശം കാരണം കച്ചവട സ്ഥാപനങ്ങളിൽ വ്യാപാരം കുറഞ്ഞതോടെയാണ് വ്യാപാരികൾ ഗതാഗത പരിഷ്കരണത്തിനെതിരെ രംഗത്തെത്തിയത്. ഹൈടെക് ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് സമരസമിതി ചെയർമാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. കൺവീനർ ചമയം ബാപ്പു അധ്യക്ഷത വഹിച്ചു.
പി.ടി. അബൂബക്കർ, എ.ആർ. ചന്ദ്രൻ, കൊളക്കാടൻ അസീസ്, ഷാലിമാർ ഷൗക്കത്ത്, പി.ടി.എസ് മുസ്സു എന്നിവരും നഗരസഭ കവാടത്തിനു മുന്നിൽ കൗൺസിലർമാരായ പച്ചീരി ഫാറൂക്ക്, ജാഫർ പത്തത്ത്, സലീം താമരത്ത്, ശ്രീജിഷ, ഹുസൈനാ നാസർ, തസ്നീമ, ജിതേഷ് എന്നീ കൗൺസിലർമാരും നേതൃത്വം നൽകി. ബസ് സ്റ്റാൻഡുകളിലും വഴികളിലുമായാണ് ഒപ്പുശേഖരണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.