പെരിന്തൽമണ്ണ: രാമൻചാടി ഇറിഗേഷൻ പദ്ധതി സംരക്ഷണ സമിതി ഭാരവാഹികൾ ജില്ല കലക്ടറെയും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ബാലകൃഷ്ണനെയും കണ്ട് കർഷകരുടെ പ്രതിസന്ധി അറിയിച്ചു. ഏലംകുളത്ത് രണ്ട് മിൽമ ഡയറികൾ ഉള്ളതിൽ പാൽ സംഭരണം സമീപത്തെ ചെറിയ ഫാമുകളിൽനിന്നാണ്. ഈ ഫാമുകളിലേക്ക് വേണ്ട തീറ്റപ്പുല്ലും പരിസരങ്ങളിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. വെള്ളമില്ലാതെ ഇനിയും നീണ്ടാൽ ഇതും പ്രതിസന്ധിയിലാവും.
ഭാരവാഹികൾ അറിയിച്ചത് പ്രകാരം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കാഞ്ഞിരപ്പുഴ ഡാം ചുമതലയുള്ള എൻജിനീയറെ ബന്ധപ്പെട്ട് കർഷക പ്രതിസന്ധി അറിയിച്ചിട്ടുണ്ട്. ജലസംഭരണിയിൽ കുടിവെള്ളം കുറവാണെന്നും കുടിവെള്ളാവശ്യത്തിനുള്ളതേ നിലവിലുള്ളൂ എന്നും തുറന്നുവിടാൻ മാത്രം വെള്ളം സംഭരണിയിലില്ലെന്നുമാണ് ലഭിച്ച വിവരം. ഉള്ള വെള്ളം താഴ്ഭാഗത്തേക്ക് കൂടി തുറന്നുവിടണമെങ്കിൽ പാലക്കാട് ജില്ല കലക്ടർ കൂടി ആവശ്യപ്പെടേണ്ടി വരും. ഡാം തുറക്കുകയാണെങ്കിൽ താഴ്ഭാഗത്ത് രാമൻചാടിയിൽ പഞ്ചായത്ത് മുൻകൈ എടുത്ത് താൽക്കാലിക തടയണ നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഏലംകുളത്തും മുതുകർശ്ശിയിലുമാണ് ഡയറി ഫാമുകൾ. രാമൻചാടിയിൽ കുടിവെള്ള പദ്ധതിക്കും ഇറിഗേഷൻ പദ്ധതിക്കും വേണ്ടി നിർമിക്കാൻ ഉദേശിക്കുന്ന തടയണക്ക് അരിക്ഭിത്തിയടക്കം 90 കോടിയുടെ പദ്ധതിയാണ്. 30 കോടി തടയണക്കും ബാക്കി പുഴയുടെ രണ്ട് ഭാഗത്തും അരിക് കെട്ടാനുമാണ്. വാട്ടർ അതോറിറ്റിയുടെയും മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെയും സംയുക്ത പദ്ധതിയാണിത്.
45 കോടി വീതം രണ്ടു വകുപ്പുകളും ചെലവിടും. പ്ലാനും ഡിസൈനും ചീഫ് എൻജിനീയർക്ക് സമർപ്പിച്ചിരുന്നു. ചില തിരുത്തലുകൾക്ക് മലപ്പുറം എക്സിക്യൂട്ടീവ് എൻജിനീയർക്ക് തന്നെ അയച്ചു നൽകിയിയിട്ടുണ്ട്. വരും വർഷങ്ങളിലും ഇതേ വരൾച്ചയാണെങ്കിൽ നിലവിൽ 93 കോടി പ്രാഥമിക ഘട്ടത്തിൽ ചെലവിട്ട് പൂർത്തിയാക്കുന്ന രാമൻചാടി അലിഗഢ് കുടിവെള്ള പദ്ധതി വേനലിൽ വേണ്ടത്ര ഉപയോഗപ്പെടില്ല. പരിഹാരം സ്ഥിരം തടയണമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.