ലഹരി വിൽപന: വ്യാപക പരിശോധന, പെരിന്തൽമണ്ണയിൽ 32 കേസുകൾ

പെരിന്തല്‍മണ്ണ: ലഹരി ഉപയോഗവും വിൽപനയും തടയാൻ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച നടത്തിയ വ്യാപക പരിശോധനയിൽ ചെറുതും വലുതുമായി 32 കേസുകൾ രജിസ്റ്റർ ചെയ്തു.

ഇതിൽ ഏറെയും വിവിധ ലഹരി പദാർഥങ്ങളുടെ ഉപയോഗവും അവയുടെ വിൽപനയുമായി ബന്ധപ്പെട്ടാണ്. യുവാക്കള്‍ക്കിടയില്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കുന്നതായ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഇതിന്‍റെ കണ്ണികളായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന്‍റെ നിർദേശാനുസരണമായിരുന്നു പരിശോധന.

ബംഗളൂരുവില്‍നിന്ന് ഏജന്‍റുമാര്‍ മുഖേന എം.ഡി.എം.എ നാട്ടിലെത്തിച്ച് വന്‍ ലാഭമെടുത്താണ് യുവാക്കള്‍ക്കിടയില്‍ വില്‍പന നടത്തുന്നത്. ഈ സംഘത്തില്‍പെട്ട ചിലരെ കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ പെരിന്തല്‍മണ്ണ, പാണ്ടിക്കാട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാര്‍, സി.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദും സംഘവുമാണ് പെരിന്തൽമണ്ണയിൽ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയത്.

പ്രബേഷന്‍ എസ്.ഐ ഷൈലേഷ്, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ മുഹമ്മദ് ഫൈഹല്‍, സി.പി.ഒമാരായ ഷാലു, ഷക്കീല്‍ എന്നിവരും പെരിന്തല്‍മണ്ണ ആൻറി നാർകോട്ടിക് ടീമും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Drug sales: Extensive investigation, 32 cases in Perinthalmanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.