പെരിന്തൽമണ്ണ: പുതുതായി നിർമിച്ച പെരിന്തൽമണ്ണ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വൈദ്യുത വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗതിയിൽ.
ജില്ലയിൽ ആദ്യ വൈദ്യുത ചാർജിങ് സ്റ്റേഷനായിരിക്കുമിത്. യന്ത്രം സ്ഥാപിക്കൽ പൂർത്തിയായി. നാലു വാഹനങ്ങൾക്ക് ഒരേസമയം ചാർജ് ചെയ്യാൻ കഴിയുംവിധമാണ് ആദ്യഘട്ടത്തിലേത്. ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തികൂടി ബാക്കിയുണ്ട്. ഒാഗസ്റ്റ് 12ന് നടന്ന കൗൺസിൽ യോഗത്തിലാണ് സ്ഥലം വിട്ടുനൽകാനായി നഗരസഭ തീരുമാനിച്ചത്. ദേശീയ, സംസ്ഥാന പാതകൾക്കരികിൽ ഹൈസ്പീഡ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു വരുകയാണ്.
പൊതുമേഖല സ്ഥാപനമായ അനർട്ടിനാണ് ഇതിെൻറ ചുമതല. ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ 100 സ്ക്വയർഫീറ്റ് സ്ഥലമാണ് വേണ്ടതെന്ന് അനർട്ട് നേരത്തെ കത്ത് നൽകി ആവശ്യപ്പെട്ടിരുന്നു. മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിൽ തെക്ക് ഭാഗത്ത് പ്രവേശനകവാടത്തിെൻറ കിഴക്കായി 12x8 വിസ്തൃതിയിൽ ഉള്ള സ്ഥലമാണ് നൽകിയത്. ഇവിടെയെത്തി വാഹനങ്ങൾ ഉപയോഗിക്കുന്ന വൈദ്യുതിക്കനുസരിച്ച് യൂനിറ്റിന് 70 പൈസ എന്ന തോതിൽ നഗരസഭക്ക് വാടക ലഭിക്കും.
സ്ഥലം വിട്ടുനൽകിയതോടെ അനർട്ടിെൻറ മേൽനോട്ടത്തിൽ ചാർജിങ് സ്റ്റേഷൻ നിർമാണവും അനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. സ്ഥലം, കെട്ടിടം വിട്ടുനൽകുന്നതോടൊപ്പം നഗരസഭ എൻ.ഒ.സിയും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വൻകിട, ഇടത്തരം നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. വൈദ്യുതി ഉപയോഗിച്ച് ഒാടിക്കുന്ന വാഹനങ്ങൾ വ്യാപകമാവുന്നതോടെ നഗരസഭക്ക് വാടകയിനത്തിലും വരുമാനമുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.