ഇ.എം.എസ് ആശുപത്രി സഹകരണരംഗത്ത് തലയെടുപ്പുള്ള ആതുരകേന്ദ്രം -കെ.കെ. ശൈലജ

പെരിന്തൽമണ്ണ: സഹകരണരംഗത്ത് തലയെടുപ്പോടെ നിൽക്കുന്ന ആതുരകേന്ദ്രമാണ് ഇ.എം.എസ് ആശുപത്രിയെന്നും പൊതുസമൂഹം നൽകിയ സ്വീകാര്യതയാണ് ഇതിനുള്ള ഊർജമെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ആശുപത്രിയിൽ 250 കിടക്കകളോടെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് തുറക്കുന്നതിന്റെ ഭാഗമായുള്ള ഒരു മാസത്തെ ഷെയർ സമാഹരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആരോഗ്യരംഗം അനുദിനം മാറുന്നു. പുത്തൻ സാങ്കേതികവിദ്യകളും ചികിത്സ സൗകര്യങ്ങളും വന്നു. അർബുദം കണ്ടുപിടിക്കുന്ന ഉപകരണങ്ങൾ വരെയായെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു. ഷെയർ സമാഹരണത്തിൽ 5000 രൂപ മുതൽ 10 ലക്ഷം രൂപ വരെ സ്കീമുകളും ആനുപാതിക ചികിത്സ പദ്ധതികളുമാണുള്ളത്. മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രമുഖ സഹകരണ ബാങ്കുകള്‍ മുഖേനയും, ഫെഡറല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മുഖേനയും നേരിട്ടും, ഓണ്‍ലൈനായും ഷെയറിന് അപേക്ഷ സമര്‍പ്പിച്ച് പണമടക്കാം. 30,000ത്തില്‍പരം അംഗങ്ങളും 100 കോടി രൂപയിലധികം ഓഹരിമൂലധനവും മുപ്പതോളം ചികിത്സവിഭാഗങ്ങളുമാണ് ആശുപത്രിയിലുള്ളത്. 50 ലക്ഷം രൂപയുടെ ഷെയർ ആദ്യദിനം സ്വീകരിച്ചു. ആശുപത്രി ചെയർമാൻ ഡോ. എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ആശുപത്രി വെബ്സൈറ്റ് ഉദ്ഘാടനം ഇ.എം.എസിന്റെ മകൾ ഇ.എം. രാധ നിർവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പി.കെ. സൈനബ, പി.പി. വാസുദേവൻ എന്നിവർ സംസാരിച്ചു. ജനറൽ മാനേജർ എം. അബ്ദുന്നാസിർ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടർ വി. ശശികുമാർ സ്വാഗതവും വൈസ് ചെയർമാൻ വി.യു. സീതി നന്ദിയും പറഞ്ഞു.

Tags:    
News Summary - KK Shailaja teacher on EMS Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.