പെരിന്തൽമണ്ണ: മാലിന്യം ശേഖരിച്ച് വേർതിരിക്കേണ്ട മെറ്റീരിയൽ കലക്ഷൻ സെന്ററിന് (എം.സി.എഫ്) ഒരേക്കർ ഭൂമിയെടുക്കാൻ വില നിശ്ചയിച്ച് കിട്ടാൻ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഒരുവർഷമായി റവന്യൂ ഉദ്യോഗസ്ഥർക്ക് പിറകെ. പെരിന്തൽമണ്ണ താലൂക്ക് ഉദ്യോഗസ്ഥരാണ് വട്ടംകറക്കുന്നത്. വിഷയം വ്യാഴാഴ്ച ജില്ല കലക്ടർ മുമ്പാകെ വിശദീകരിച്ചു. ഫയൽ പെരിന്തൽമണ്ണ തഹസിൽദാറുടെ മുന്നിലെത്തിയിട്ട് 195 ദിവസമായി. 2023 ഏപ്രിൽ 20 ന് പത്ര പരസ്യം നൽകിയത് മുതൽ ഒരുവർഷവും രണ്ടുമാസം പിന്നിട്ടു. വില്ലേജ്, താലൂക്ക് ഓഫിസുകളിൽ ഹാജരാക്കിയ രേഖകളും തീയതികളുമടക്കമാണ് പട്ടിക ജില്ല കലക്ടർ വി.ആർ. വിനോദിന് വ്യാഴാഴ്ച കൈമാറിയത്. 2023 സെപ്റ്റംബർ 14ന് ആധാരം പരിശോധന നടത്തി നിയമോപദേശത്തിന് നൽകി. ആഗസ്റ്റ് 26ന് ജില്ല ശുചിത്വ മിഷൻ അനുയോജ്യ സാക്ഷ്യപത്രവും സെപ്റ്റംബർ 14ന് വില്ലേജിൽനിന്ന് ലൊക്കേഷൻ സ്കെച്ചും വാങ്ങി. കഴിഞ്ഞ ഡിസംബർ 16ന് പെരിന്തൽമണ്ണ തഹസിൽദാർക്ക് വില നിശ്ചയിച്ച് നൽകാൻ സമ്പൂർണമായ ഫയൽ സമർപ്പിച്ചു. ഒരുമാസം കൊണ്ട് ചെയ്യേണ്ട കാര്യം ഏഴുമാസം പിന്നിട്ടിട്ടും തൊട്ടിട്ടില്ല. ഇതിനിടയിൽ കഴിഞ്ഞ ഫെബ്രുവരി 29ന് വില്ലേജ് ഓഫിസർ തഹസിൽദാർക്ക് വാല്യുവേഷൻ റിപ്പോർട്ടും നൽകി.
വലമ്പൂർ വില്ലേജിലാണ് ഭൂമി. സർക്കാർ ആവശ്യത്തിന് ഭൂമിയുടെ വില നിശ്ചയിക്കൽ, രജിസ്ട്രേഷൻ എന്നിവയടക്കം മുഴുവൻ കാര്യങ്ങളും പിന്നീട് റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ വേണം. പഞ്ചായത്ത് ഭരണസിമിതി അംഗങ്ങളാണ് ഓരോന്നിനും ഓടുന്നത്. കണ്ടത്തിയ ഭൂമി നിൽക്കുന്നതിന് പരിസരത്തുള്ള പത്ത് ആധാരങ്ങൾ പരിശോധിച്ച് രജിസ്ട്രേഷനിൽ കാണിച്ച മതിപ്പുവില നോക്കി വസ്തുവിന് വില കണക്കാക്കേണ്ടത് താലൂക്ക് റവന്യൂ വിഭാഗമാണ്.
ഇതിലേക്ക് വലമ്പൂർ വില്ലേജിലെ 13 ആധാരങ്ങൾ വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഹാജരാക്കി. ഈ പണിയും റവന്യൂ ഉദ്യോഗസ്ഥരോ തദ്ദേശ വകുപ്പ് ജീവനക്കാരോ ആണ് ചെയ്യേണ്ടത്. വൈസ് പ്രസിഡന്റ് തന്നെ ആധാരങ്ങൾ മഞ്ചേരിയിൽ ഗവ. പ്ലീഡറെ കാണിച്ച് ഉപദേശം തേടി. എന്തുകൊണ്ടാണ് വില നിശ്ചയിച്ച് നൽകാത്തതെന്ന് മാത്രം ഇപ്പോഴും വ്യക്തമല്ല. ‘ശുചിത്വ കേരളം’ പദ്ധതിയിൽ പഞ്ചായത്ത് പ്രസഡിന്റുമാർക്ക് വ്യാഴാഴ്ച മലപ്പുറത്ത് നടന്ന ശിൽപശാലയിൽ വിഷയം കലക്ടർ മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.
ഭൂമിക്ക് വില നിശ്ചയിച്ച് കിട്ടാത്ത അങ്ങാടിപ്പുറം പഞ്ചായത്തിൽ 50 ലോഡ് മാലിന്യമാണ് മഴയും വെയിലുമേറ്റ് നീക്കം ചെയ്യാനാവാതെ കിടക്കുന്നത്. ഇത് പരിഹരിക്കാനാണ് ഭൂമി വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.