പെരിന്തൽമണ്ണ: കിടപ്പാടമില്ലാത്ത 14 കുടുംബങ്ങൾക്ക് ചെങ്കുത്തായ മലമടക്കിൽ ഭൂമിയും വീടും നൽകിയതിൽ കുടുംബങ്ങൾ ആവശ്യപ്പെടുന്നത് അന്വേഷണത്തോട് ഒപ്പം പരിഹാരവും. വീഴ്ചകൾ അന്വേഷിക്കുന്നതോടൊപ്പം അനിവാര്യമായി വേണ്ടത് വീടുകൾക്ക് സംരക്ഷണ ഭിത്തി നിർമാണമാണ്.
വിജിലൻസ് അന്വേഷണത്തോടെ പരിഹാരവും ഇവർ പ്രതീക്ഷിക്കുന്നു. കുടുംബങ്ങൾ പലവട്ടം ഇക്കാര്യം ഉയർത്തി പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചതാണ്. മഴക്കാലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമടക്കം ഭീതിയിലാണ് ഇവിടെയുള്ളവർ. ഭവന നിർമാണത്തിന് വേണ്ടത്ര സകര്യമില്ലാത്ത ഭൂമിയാണ് കുടുംബങ്ങൾക്ക് ലഭിച്ചത്.
വീടുകൾ പൂർത്തിയാവും മുമ്പേ താമസം തുടങ്ങിയ കുടുംബങ്ങളെ മലവെള്ളപ്പാച്ചിൽ വന്നതോടെ കഴിഞ്ഞ വർഷം മാറ്റിപ്പാർപ്പിച്ചിരുന്നു.
തഹസിൽദാർ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചപ്പോഴാണ് ദുർഘടമായ സ്ഥലത്ത് സർക്കാർ പദ്ധതിയിൽ വീടുവെച്ചതിലെ അപകടാവസ്ഥ ബോധ്യപ്പെട്ടത്. ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കണമെന്ന് സംയുക്തമായി വിജിലൻസിൽ പരാതി നൽകാൻ നിലവിലെ ഭരണസമിതി തീരുമാനിക്കുകയും പരാതി നൽകുകയും ചെയ്തു.
എന്നാൽ, നടപടിയുണ്ടായില്ല. ജിയോളജി, മണ്ണ് പരിശോധന വിഭാഗം എന്നിവരെ കൊണ്ടുവന്ന് സ്ഥലം പരിശോധിക്കുമെന്ന് തഹസിൽദാർ കുടുംബങ്ങളെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. ഏതെങ്കിലും നിലക്ക് കുടുംബങ്ങളെ സഹായിക്കാൻ സ്വകാര്യഭൂമിയിൽ സംരക്ഷണ ഭിത്തി നിർമിക്കലാണ് ചെയ്യാനുള്ളത്. അതിന് പഞ്ചായത്ത് ഫണ്ട് ചെലവിടാൻ പരിമിതികളുണ്ട്.
ദുരന്തനിവാരണ പദ്ധതിയിൽ കലക്ടറുടെ അനുമതിയോടെ ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കാൻ ബന്ധപ്പെട്ടവർ മുൻകൈ എടുക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. മറ്റെവിടെയും ഭൂമി ലഭിക്കാതെ വലഞ്ഞ ഘട്ടത്തിലാണ് 14 കുടുംബങ്ങൾ പരിയാപുരം കിഴക്കേ മുക്ക് മലയിൽ നിർവഹണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ ഭൂമി വാങ്ങാൻ സന്നദ്ധരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.