പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ റോഡ് വികസനത്തിലെ അവഗണനയിൽ പൊറുതി മുട്ടി ജനങ്ങൾ. ഇക്കാര്യത്തിൽ പ്രായോഗിക മാർഗം സ്വീകരിക്കാതെ സർക്കാറിനെ പഴി പറയുക മാത്രമാണ് രണ്ടു മണ്ഡലങ്ങളിലും എം.എൽ.എമാർ. റോഡ് വികസന പദ്ധതികളോടും അടിസ്ഥാന വികസനത്തോടും സർക്കാർ തുടരെ അവഗണന കാണിക്കുന്നതായി രണ്ടു എം.എൽ.എമാരും വാർത്തസമ്മേളനം വിളിച്ച് പ്രതികരിച്ചെങ്കിലും തുടർ സമരപരിപാടികളോ സമ്മർദമോ ഉണ്ടാവുന്നില്ല.
തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യ ആവശ്യവും വാഗ്ദാനവുമായിരുന്നു പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗതക്കുരുക്കിനുള്ള പരിഹാരം. എന്നാൽ, രണ്ടു വർഷം പിന്നിട്ടിട്ടും ഇത് സർക്കാറിന്റെ അജണ്ടയിൽ പോലും വന്നിട്ടില്ല. തിങ്കളാഴ്ച പുലർച്ച പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി മറിഞ്ഞ് താൽക്കാലികമായി ഊട്ടി റോഡ് അടച്ചപ്പോൾ പ്രധാന ബൈപാസ് റോഡും നഗരത്തിലെ ഇട റോഡുകളും നിശ്ചലമായി.
സ്വകാര്യ ബസുകൾ ഏറെ നേരെ കുരുക്കിൽപെട്ട് സർവിസുകൾ മുടങ്ങി. മൂന്നു വർഷമായി നടക്കുന്ന മേലാറ്റൂർ-പുലാമന്തോൾ റോഡ് പ്രവൃത്തി നിശ്ചലമായതാണ് പെരിന്തൽമണ്ണ മണ്ഡലത്തിലെ മുഖ്യ പരാതിയെങ്കിൽ അങ്ങാടിപ്പുറം-വളാഞ്ചേരി റോഡ് തകർന്നത് പുനർ നിർമിക്കാൻ മുമ്പ് തയാറാക്കിയ എസ്റ്റിമേറ്റിൽ ഫണ്ടനുവദിക്കാത്തതാണ് മങ്കടയിലെ പ്രശ്നം. രണ്ടും പൊതുജനങ്ങളെ വലിയ തോതിൽ ദുരിതത്തിലാക്കുകയാണ്.
സർക്കാർ അവഗണിക്കുകയാണെങ്കിൽ ജനകീയമായി അതിനെ നേരിടുകയാണ് എം.എൽ.എമാർ ചെയ്യേണ്ടതെന്നും സർക്കാറിനെ പഴി പറയുകയല്ല വേണ്ടതെന്നും പൊതുജനം ചൂണ്ടിക്കാട്ടുന്നു. അങ്ങാടിപ്പുറത്തെ ഓരാടംപാലം മുതൽ മാനത്ത് മംഗലം വരെ രണ്ടു മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന 4.01 കി.മീറ്റർ ബൈപ്പാസാണ് 13 വർഷം മുമ്പ് ഗതാഗതക്കുരുക്കിന് ഉയർത്തിയ പരിഹാരം. എന്നാൽ, ഇതിനോട് സർക്കാർ പുറം തിരിഞ്ഞുനിൽക്കുകയാണ്. രണ്ടു എം.എൽ.എമാരും മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫുമാണ് സർക്കാർ അവഗണനക്കെതിരെ രംഗത്ത് വരേണ്ടതെന്നിരിക്കെ ഇക്കാര്യങ്ങളിൽ കാര്യമായ ഇടപെടലില്ല. റോഡ് വികസനത്തോടൊപ്പം രണ്ട് എം.എൽ.എമാരുടെയും ശ്രദ്ധ പതിയേണ്ട വിഷയമാണ് പെരിന്തൽമണ്ണ ജില്ല ആശുപത്രി വികസനം. അതും മുരടിച്ചു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.