പെരിന്തൽമണ്ണ: മൂന്നുവർഷമായി ജനങ്ങളെ ദുരിതത്തിലാക്കിയ മേലാറ്റൂർ-പുലാമന്തോൾ റോഡിന്റെ സ്ഥിതിയിൽ സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ച സമ്മതിച്ച് മന്ത്രി. 140 കോടി രൂപ എസ്റ്റിമേറ്റിട്ട് 30 കി.മീ റോഡ് പണിക്ക് 18 മാസമായിരുന്നു കരാർ കാലാവധിയെന്നും പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്ന കാര്യത്തിൽ കരാറുകാരൻ വീഴ്ച വരുത്തിയെന്നും നിലവിൽ 57 ശതമാനം പ്രവൃത്തികൾ മാത്രമേ പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളൂ എന്നും പൊതുമരാമത്ത് മന്ത്രിക്കുവേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. പ്രവൃത്തി പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നിരന്തരം ഇടപെടൽ നടത്തുന്നുണ്ട്. നിരവധി യോഗങ്ങൾ ഇത് സംബന്ധമായി വിളിച്ചുചേർത്തു. 14.75 കിലോമീറ്റർ ഡി.ബി.എം പൂർത്തീകരിച്ചു. 4.3 കിലോമീറ്റർ ബി.സി പൂർത്തീകരിച്ചു. 35.8 കിലോമീറ്റർ ഓട നിർമാണം പൂർത്തീകരിച്ചു.
ജൂലൈ 27ന് ചേർന്ന യോഗത്തിൽ വർക്ക് പൂർത്തീകരിക്കുന്നതിനുള്ള ഷെഡ്യൂൾ തയാറാക്കിയിട്ടുണ്ട്. പ്രവർത്തന പുരോഗതിക്ക് മേൽനോട്ടം വഹിക്കുന്നതിന് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർക്ക് യോഗത്തിൽ ചുമതല നൽകിയിട്ടുണ്ട്. നിലവിൽ തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ലെങ്കിൽ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തി എന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
കരാറുകാരും ഉദ്യോഗസ്ഥരും ഗുരുതര വീഴ്ച തുടർന്നിട്ടും സർക്കാറിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. ഇത്തരം സാഹചര്യത്തിൽ എം.എൽ.എമാർക്ക് പ്രവൃത്തികൾ നേരിട്ടു നടത്തുന്ന സംവിധാനമെർപ്പെടുത്തണമെന്നും നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. അതേസമയം, ജനം ഏറെ പൊറുതി മുട്ടിയ വിഷയത്തിൽ ജനങ്ങളെ സംഘടിപ്പിച്ചു സമരം നടത്തുമെണ് എം.എൽ.എ പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരം നടപടികൾ ഒന്നും ഉണ്ടായില്ല. മുൻ പിണറായി സർക്കാറിന്റെ കാലത്താണ് റോഡിന് ഫണ്ട് അനുവദിച്ചത്. 2020 സെപ്റ്റംബറിൽ പിണറായി വിജയനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.