പെരിന്തൽമണ്ണ: പ്രവൃത്തി കൈമാറി നാലുവർഷമായിട്ടും പാതിവഴിയിൽ തുടരുന്ന മേലാറ്റൂർ-പുലാമന്തോൾ പാതയിയിൽ വീണ്ടും കുഴിയടക്കൽ പദ്ധതി. ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി അനുമതി വാങ്ങുന്ന കാര്യം ചൊവ്വാഴ്ച പെരിന്തൽമണ്ണ താലൂക്ക് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കെ.എസ്.ടി.പിക്ക് വേണ്ടി കൺസൽട്ടിങ് ഏജൻസി പ്രതിനിധകളായ റെസിഡന്റ് എൻജിനീയർ ശരവണൻ, അസി. റെസിഡന്റ്സ് എൻജിനീയർ എസ്. അജിത്കുമാർ, കൺസൽട്ടിങ് മാനേജർ കെ. മോഹനകൃഷ്ണൻ എന്നിവരാണ് പങ്കെടുത്തത്. അതേസമയം കരാർ നിലനിൽക്കുന്നുണ്ടെന്ന് വരുത്തി വെള്ളിയാഴ്ച കരാർ കമ്പനിയുടെ തൊഴിലാളികൾ കുഴിയടക്കാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു.
144 കോടി അടങ്കൽ കണക്കാക്കിയ 30 കി.മീ ഭാഗം ബി.എം ആൻഡ് ബി.സി ചെയ്യാനുള്ള പ്രവർത്തി 2020 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്. നാലുവർഷമായിട്ടും തീർക്കുകയോ പണി തുടരുകയോ ചെയ്യാതെ വന്നപ്പോൾ മാർച്ച് ആദ്യം റദ്ദാക്കാൻ നോട്ടീസ് നൽകി. 60 ദിവസമാണ് നടപടിക്ക് വേണ്ടതെന്നിരിക്കെ അഞ്ചുദിവസം മുമ്പ് കമ്പനി ഹൈകോടതിയിൽ നിന്ന് സ്റ്റേ നേടി. തത്വത്തിൽ ഇപ്പോഴും പഴയ കരാർ കമ്പനിയുടെ പക്കൽ തന്നെയാണ് പ്രവർത്തി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസി ന്റെ സാനിധ്യത്തിൽ കെ.എസ്.ടി.പി ഉദ്യോഗസ്ഥരും മരാമത്ത് വകുപ്പ് സെക്രട്ടറിയടക്കമുള്ളവരും പങ്കെടുത്ത യോഗത്തിൽ പെരിന്തൽമണ്ണയിലെ മുടങ്ങിക്കിടക്കുന്ന റോഡിന്റെ അവസ്ഥ ചർച്ച നടത്തി.
കരാർ റദ്ദാക്കലിന് സ്റ്റേ ലഭിച്ചതിനാൽ ഹൈകോടതിയിൽ ഹരജി നൽകി സ്റ്റേ ഒഴിവാക്കി പുതിയ കരാറുകാരനെ കണ്ടെത്തും. അതിന് കാത്തുനിൽക്കുമ്പോഴേക്കും വലിയ തോതിൽ ജനകീയ എതിർപ്പുണ്ടാവുമെന്നതിനാൽ വീണ്ടും കുഴിയടക്കാനാണ് ധാരണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.