പൊന്നാനി: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയോരത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. നിർമാണം ആരംഭിച്ചത് മുതൽ തുടങ്ങിയ ദുരിതത്തിനാണ് ഇനിയും പരിഹാരമില്ലാത്തത്. പല തവണ പ്രതിഷേധമുയർന്നിട്ടും വെള്ളം ഒഴുകിപ്പോകാനുള്ള വഴിയൊരുക്കാത്ത അധികൃതർ, പ്രതിഷേധങ്ങളും പരാതികളും ശക്തമാകുമ്പോൾ മാത്രമാണ് സന്ദർശനം നടത്തുന്നത്. ദേശീയപാത അധികൃതർ സ്ഥലം സന്ദർശിച്ച് പരിഹാരം കാണുമെന്ന ഉറപ്പ് നൽകുക മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ദേശീയപാതയുടെ കാന നിർമാണം ആരംഭിച്ചത് മുതൽ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുകയാണ്. കാന നിർമാണം ആരംഭിക്കുന്നത് മുമ്പ് തന്നെ വെള്ളക്കെട്ട് ഭീഷണിയുണ്ടാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതൊന്നും ഗൗനിക്കാതെ നിർമിച്ചതാണ് നഗരസഭയിലെ അഞ്ച് വാർഡുകളിലുള്ളവരെ പ്രയാസത്തിലാക്കിയത്. 6, 7, 8, 9, 20 വാർഡുകളിലെ മഴവെള്ളം നീലംതോട് വഴി ചമ്രവട്ടം ജങ്ഷനിലെ ദേശീയപാതയിലെ കൾവർട്ട് വഴി ബിയ്യം കായലിലേക്കാണ് ഒഴുകിയിരുന്നത്. എന്നാൽ, ദേശീയപാത നിർമാണ ഭാഗമായി ഈ കൾവർട്ട് അടച്ചു.
ദേശീയപാതയുടെ കാന ഉയർത്തി നിർമിച്ചതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പരാതിയെത്തുടർന്ന് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രശ്നത്തിന് പരിഹാരമായി ദേശീയപാതയുടെ അധീനതയിൽ റോഡിന്റെ ഇരുഭാഗത്തുമുള്ള 1.74 സെൻറ് സ്ഥലത്ത് കൂടി ഡ്രൈനേജ് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് സാധിക്കില്ലെന്ന നിലപാടിലാണ് ദേശീയപാത അധികൃതർ. ഡോ. കെ.ടി ജലീൽ എം.എൽ.എ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ലൈസൻ ഓഫിസർ പി.പി.എം അഷ്റഫ്, തഹസിൽദാർ ഷംസുദ്ദീൻ, കൗൺസിലർമാരായ പി.വി. ലത്തീഫ്, ഇഖ്ബാൽ മഞ്ചേരി എന്നിവരും സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.