പെരിന്തൽമണ്ണ: കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന സംഘ് പരിവാറിനെതിരെ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്തും ഇടതുപക്ഷ സ്വാധീനം വ്യാപിപ്പിക്കാനുള്ള ചിന്തകൾ പങ്കുവെച്ചും ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിന് സമാപനമായി. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളാണ് രണ്ട് ദിവസത്തെ സെമിനാറിലുടനീളം ഉണ്ടായത്. സംഘടനാപരവും ഭരണപരവുമായ ദൗർബല്യങ്ങളും പോരായ്മകളും തിരിച്ചറിഞ്ഞ് പാർട്ടി തെറ്റുതിരുത്തലുകളിലേക്ക് കടക്കുമെന്ന സന്ദേശമാണ് സി.പി.എം നേതാക്കൾ സദസ്സിന് നൽകിയത്. നിരാശജനകമായ തെരഞ്ഞെടുപ്പ് ഫലമാണ് ഇടതുപക്ഷത്തിന് കേരളത്തിൽ ഉണ്ടായതെന്നും അത് എന്തുകൊണ്ട് സംഭവിച്ചുവെന്ന് ഇടതുപക്ഷവും വിശേഷിച്ച് സി.പി.എമ്മും സമഗ്രമായി പരിശോധിക്കുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു.
സെമിനാറിന്റെ രണ്ടാം ദിവസം ‘ദേശീയ രാഷ്ട്രീയം ഇ.എം.എസിനുശേഷം’ എന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സ്ത്രീകൾക്കിടയിലേക്ക് കടന്നുകയറാൻ സംഘ് പരിവാർ ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്നും അതിനകത്ത് വീണുപോകരുതെന്നും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പറഞ്ഞു. ‘സ്ത്രീകളെ ലക്ഷ്യമിടുന്ന സംഘ് പരിവാർ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സെമിനാറിൽ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുമ്പോൾ എന്ന വിഷയം അവതരിപ്പിച്ച ഡോ. കെ.എൻ. ഗണേഷ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും പൊതു വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമം ബി.ജെ.പി തുടരുമെന്നും അതിനെ ഗൗരവത്തോടെ കാണണമെന്നും പറഞ്ഞു. സ്വത്വം -ശാസ്ത്രം രാഷ്ട്രീയം സെഷൻ സി.പിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്തു. കെ. ബദറുന്നിസ അധ്യക്ഷത വഹിച്ചു. പുത്തലത്ത് ദിനേശൻ, ഡോ. അനിൽ ചേലേമ്പ്ര, ഡോ. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.