പെരിന്തൽമണ്ണ: പി.എം.കെ പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴിടത്തുകൂടി മെഡിക്കൽ ഒാക്സിജൻ ജനറേഷൻ പ്ലാൻറ് സ്ഥാപിക്കും. ജില്ലയിൽ തിരൂർ ജില്ല ആശുപത്രിക്ക് പുറമെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കൂടി പുതിയ ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കും.
സാങ്കേതിക കാരണങ്ങളാൽ നേരത്തേ പട്ടികയിൽ ഇല്ലാതെപോയ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയും ഉൾപ്പെട്ടിട്ടുണ്ട്. ജനറൽ ആശുപത്രി ആലപ്പുഴ, ഇന്ത്യൻ നേവി ഹോസ്പിറ്റൽ കൊച്ചി, ജില്ല ആശുപത്രി കാഞ്ഞങ്ങാട്, ജനറൽ ആശുപത്രി ചങ്ങനാശേരി കോട്ടയം, ഗവ. മെഡിക്കൽ കോളജ് ആശുപത്രി മഞ്ചേരി, ജില്ല ആശുപത്രി പെരിന്തൽമണ്ണ, ജനറൽ ആശുപത്രി നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് പി.എം.കെ പദ്ധതിയിൽ ഒാക്സിജൻ ജനറേഷൻ പ്ലാൻറ് വരുക.
ദേശീയപാത അതോറിറ്റിയുടെ സഹായത്തോടെ ഡി.ആർ.ഡി.ഒ ആണ് പ്ലാൻറ് സ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കുകയെന്ന് ജില്ല പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. പ്ലാൻറിെൻറ നിർമാണ ചുമതല കൊച്ചിൻ അരൂർ ടോൾവെയ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ്.
ആവശ്യമായ സ്ഥലം നിർദേശിച്ച് നൽകിയാൽ അടിസ്ഥാന സൗകര്യങ്ങളും വൈദ്യുതീകരണവും പൂർത്തിയാക്കും. വൈദ്യുതി സംവിധാനം കൂടി ലഭ്യമാക്കിയാൽ ചുമതലപ്പെടുത്തിയ ഏജൻസി ജൂൺ 30നകം പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നാണ് അറിയിച്ചത്.
ദേശീയപാത അധികൃതർ, ഡി.ആർ.ഡി.ഒ, നിർമാണ ചുമതലയുള്ള ഏജൻസി പ്രതിനിധികൾ എന്നിവർ ആശുപത്രിയിൽ സ്ഥലം പരിശോധിക്കാനെത്തും. പി.എം കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി തിരൂർ ജില്ല ആശുപത്രിയിൽ നിർമിക്കുന്ന പ്ലാൻറിെൻറ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ട്. നിലമ്പൂർ ജില്ല ആശുപത്രിയിൽ ജില്ല പഞ്ചായത്ത് കോവിഡ് സ്പെഷൽ പദ്ധതി തയാറാക്കിയാണ് ഓക്സിജൻ പ്ലാൻറ് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.