പെരിന്തൽമണ്ണ: ജില്ല ആശുപത്രിക്ക് 106. 78 കോടി മതിപ്പു ചെലവു കണക്കാക്കുന്ന മാസ്റ്റർ പ്ലാൻ തയാറായി. സർക്കാർ അംഗീകൃത ഏജൻസിയായ കെൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ എൻ.എച്ച്.എം, നബാഡ് അടക്കം ഫണ്ടു ലഭിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ സമർപ്പിക്കും. വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരുമില്ലാതെ ബുദ്ധിമുട്ടുന്ന ജില്ല ആശുപത്രിക്ക് ഐ.പിയും ഒ.പിയും തിയറ്റർ സൗകര്യങ്ങളുമടക്കം ഉൾക്കൊള്ളാവുന്ന 1.24,768 ചതുരശ്ര അടിയിൽ വാഹനപാർക്കിങ്ങിനുമുള്ള ബേസ് മെന്റ് അടക്കം അഞ്ചു നില ബ്ലോക്കാണ് വേണ്ടത്. മാസ്റ്റർ പ്ലാൻ അനുസരിച്ച് ഇത് ഘട്ടംഘട്ടമായി പൂർത്തിയാക്കാം. കെട്ടിടത്തിന് കണക്കാക്കിയ 106 കോടിയിൽ 19.31 കോടി മെഡിക്കൽ ഉപകരണങ്ങൾക്കാണ്. ആയിരം രോഗികൾക്ക് ഒരേസമയം ചികിത്സ നൽകാനുള്ള സൗക്യമുണ്ടാവും. ഘട്ടംഘട്ടമായി ഇത് പ്രായോഗികമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മാസ്റ്റർപ്ലാൻ അവതരിപ്പിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു.
2020ൽ കിഫ്ബി വഴി അനുവദിച്ച 12 കോടി രൂപയുടെ ഒ.പി ബ്ലോക്കും കാഷ്വാലിറ്റിയും ഉൾപ്പെടുന്ന കെട്ടിടത്തിന് കിറ്റ്കോയെയാണ് നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തിയത്. ഈ തുക വിനിയോഗിക്കുന്നതിന് മുമ്പായി നിലവിലെ ജില്ല പഞ്ചായത്ത് ഭരണസമിതി 2021 ആദ്യത്തിലാണ് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനമെടുത്ത് കെല്ലിനെ സമീപിച്ചത്. 26 ലക്ഷം ഇതിന് ചെലവിട്ടു. മൂന്നു വർഷം കാത്തിരുന്ന ശേഷമാണ് മാസ്റ്റർ പ്ലാൻ ആയത്. ഇതിന് ഹേതുവായ കിഫ്ബി ഫണ്ടിന് എ.എസ് ആയി നാലുവർഷമായിട്ടും സർക്കാർ തുക നൽകാനും കൂട്ടാക്കിയിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഫാർമസി, ആധുനികസൗകര്യങ്ങളുള്ള ലബോറട്ടറി, റേഡിയോളജി വകുപ്പ്, റിസപ്ഷൻ എന്നിവയും 150 പേർക്ക് കാത്തിരിക്കാൻ സൗകര്യമുള്ള ഏരിയയും ഉണ്ടാവും. ഒന്നാംനിലയിൽ 130 കിടക്കകൾക്കുള്ള ഐ.പി സൗകര്യം വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.