പെരിന്തൽമണ്ണ: രണ്ടുവർഷം പിന്നിടുന്ന പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിൽ നിലവില രണ്ട് ഷിഫ്റ്റ് മൂന്നാക്കാൻ തടസ്സം ആശുപത്രി എച്ച്.എം.സിയിലെ വരുമാനക്കുറവ്. അർഹരായ നിരവധി രോഗികളാണ് പെരിന്തൽമണ്ണ താലൂക്കിലും പരിസരങ്ങളിലും ഡയാലിസിസ് ചെയ്യാൻ പ്രയാസപ്പെടുന്നത്. ജില്ല ആശുപത്രിയിൽ 30 പേർക്കാണിപ്പോൾ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിൽ സൗകര്യം. ഷിഫ്റ്റ് കൂട്ടിയാൽ പ്രതിദിനം എട്ട് ഡയാലിസിസ് കൂടി നടക്കും. അവസരം ലഭിക്കാതെ പുറത്ത് നിൽക്കുന്ന രോഗികൾക്ക് ആശ്വാസമാവും. രണ്ട് ഡയാലിസിസ് ടെക്നീഷ്യൻമാരും മൂന്നു നഴ്സുമാരുമാണിപ്പോൾ.
ഡയാലിസിസ് ടെക്നീഷ്യൻമാർക്ക് ഏറ്റവും കുറഞ്ഞ വേതനമായി പ്രതിദിനം 500 രൂപയാണ് നൽകുന്നത്. മറ്റു ദിവസവേതനക്കാർക്ക് ഉള്ളതുപോലെ വേതനം നൽകാൻ നിരന്തരം ആവശ്യമുയരുന്നുണ്ട്. ആശുപത്രിയിൽ ആർ.എസ്.ബി.വൈ ഇൻഷുറൻസ് പദ്ധതിയിൽ ചികിത്സ തേടുന്നവരുടെ ക്ലൈയിം തുക എച്ച്.എം.സി ഫണ്ടിലേക്കാണ് വരുക. 170 കിടക്കകളുള്ള ഇവിടെ പകുതി കിടക്കകളിൽ പോലും രോഗികളെ കിടത്താത്തതിനാൽ ആ വഴിക്കുള്ള വരുമാനം കുറഞ്ഞു. സന്ദർശക പാസ്, കാന്റീൻ ലേലം അടക്കമുള്ളവ വഴിയാണ് ഫണ്ട് ലഭിക്കുക. ഈ തുക വിനിയോഗിച്ചാണ് താൽക്കാലിക നിയമനം നടത്തേണ്ടത്. പ്ലാൻ ഫണ്ട് വിനിയോഗിച്ച് ജില്ലയിൽ മൂന്നു ജില്ല ആശുപത്രികളിൽ 42 ഡയാലിസിസ് മെഷീനുകൾക്ക് 20 പേരെ നിയമിക്കാൻ നേരത്തേ ജില്ല പഞ്ചായത്ത് അനുമതി തേടിയെങ്കിലും നൽകിയിരുന്നില്ല. തിരൂരിൽ 18, നിലമ്പൂരിൽ 16, പെരിന്തൽമണ്ണയിൽ എട്ട് എന്നിങ്ങനെ 42 മെഷീനുകളാണ് സ്ഥിരം ഉപയോഗിക്കുന്നത്. ദരിദ്രർക്ക് സൗജന്യമായും അല്ലാത്തവർത്ത് കുറഞ്ഞ നിരക്കിലുമാണ് ഡയാലിസിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.