പെരിന്തൽമണ്ണ: വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരുമില്ലാതെ ചക്രശ്വാസം വലിക്കുന്ന പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ പരിമിതികൾ പരിശോധിക്കാൻ ആരോഗ്യ ഡയറക്ടർ എത്തുമെന്ന ഉറപ്പ് പാഴായി. നജീബ് കാന്തപുരം എം.എൽ.എ, ജില്ല പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം ജൂലൈ 11ന് ആരോഗ്യ മന്ത്രിയെ സന്ദർശിക്കാൻ തിരുവനന്തപുരത്ത് പോയിരുന്നു. മന്ത്രിയെ കാണാനാവാത്തതിനാൽ സംഘം ആരോഗ്യ ഡയറക്ടർ കെ.ജെ. റീനയെ സന്ദർശിച്ച് പ്രശ്നങ്ങൾ അവതരിപ്പിച്ചു.
ആഗസ്റ്റിൽ ആശുപത്രി സന്ദർശിക്കുമെന്നായിരുന്നു ആരോഗ്യ ഡയറക്ടറുടെ ഉറപ്പ്. ഇത് നടന്നില്ല. ഒരു വർഷത്തോളമായി ആശുപത്രിക്ക് സൂപ്രണ്ടില്ല. ഗൈനക്കോളജി വിഭാഗം ഡോക്ടർക്ക് താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്. അഡ്മിനിസ്ട്രേഷൻ നടപടികൾ കീഴ്മേൽ മറിഞ്ഞിട്ടുണ്ട്. താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ച നഴ്സിങ് പാരാമെഡിക്കൽ ജീവനക്കാരെ പലരെയും പിൻവലിച്ചതോടെ പ്രതിസന്ധി രൂക്ഷമാണ്.
ആശുപത്രി ഹാളിൽ നിന്നും പുറത്തുനിന്നുമായി 20 ഓളം മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയതോടെയാണ് ആശുപത്രിയോട് മന്ത്രിയും വകുപ്പും തുടരുന്ന അവഗണന ചർച്ചയായത്. ബോർഡിൽ മാത്രം ഒതുങ്ങുന്ന ജില്ല ആശുപത്രിയെന്നാണ്, 2014 മുതൽ ജില്ല ആശുപത്രിയായ കേന്ദ്രത്തെ മന്ത്രി നിയമസഭയിൽ വിശേഷിപ്പിച്ചത്.
ആവശ്യമായ തസ്തിക സൃഷ്ടിക്കലും എമർജൻസി തിയറ്റർ സൗകര്യം ഏർപ്പെടുത്തലുമടക്കമാണ് ആവശ്യങ്ങൾ. കിഫ്ബിയിൽ 2020 ആദ്യം അനുവദിച്ച 12 കോടി രൂപ കൊണ്ട് കെട്ടിട നിർമാണത്തിന്റെ പ്രാഥമിക നടപടികൾ പോലുമായിട്ടില്ല. ഈ ഫണ്ട് ഇനി ലഭ്യമാവുമോ എന്നുപോലും ആശങ്കയുണ്ട്. ഇക്കാര്യങ്ങൾ അടക്കമാണ് ആരോഗ്യ ഡയറക്ടറെ ധരിപ്പിച്ചത്. ആശുപത്രി സന്ദർശിച്ച് പ്രശ്നങ്ങൾ നേരിൽ അറിയുമെന്നും പരിഹാരം കാണുമെന്നുമായിരുന്നു ഉറപ്പ്. ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം നടത്തിയെന്നും ആഗസ്റ്റിൽ അവർ ആശുപത്രി സന്ദർശിക്കുമെന്നും നജീബ് കാന്തപുരം എം.എൽ.എ വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ ഇവയൊന്നും പ്രായോഗികമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.