പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ലീഗ്, കോൺഗ്രസ് നേതൃത്വം ഇടപെടാതെ മാറി നിന്നതോടെ യു.ഡി.എഫിന്റെ രണ്ടു പാനലുകൾ നേർക്കുനേർ ഇന്ന് ബൂത്തിലേക്ക്. പൊതു തെരഞ്ഞെടുപ്പിന്റെ സുരക്ഷ സജ്ജീകരണങ്ങളിലാണ് പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വോട്ടെടുപ്പ്.
ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ലീഗിന് ആറും കോൺഗ്രസിന് അഞ്ചും ഡയറക്ടർമാരടക്കം 11 ഡയറക്ടർമാരാണ് വേണ്ടത്. യു.ഡി.എഫിലെ രണ്ടു വിഭാഗം വേറിട്ട് പത്രിക നൽകിയതോടെ കഴിഞ്ഞ പത്ത് ദിവസമായി ശക്തമായ പ്രചരണമാണ് നടന്നത്. 14 ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.
രണ്ടു പാനലിലും കൂടി 22 പേരുണ്ട്. രണ്ടിലും യു.ഡി.എഫ് നേതാക്കളും ഭാരവാഹികളുമാണ്. എസ്.ടി.യു സംസ്ഥാന സെക്രട്ടറി സി. അബ്ദുള്‍ നാസര്‍, ബാങ്ക് മുന്‍ പ്രസിഡന്റും ലീഗ് നേതാവും നഗരസഭാംഗവുമായ പച്ചീരി ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരു പാനൽ. മറ്റൊരു പാനൽ മുസ്ലീം ലീഗ് ജില്ല സെക്രട്ടറിയും ബാങ്ക് മുൻ ഡയറക്ടറുമായ താമരത്ത് ഉസ്മാന്, ബാങ്ക് മുന്‍ വൈസ് പ്രസിഡന്റും കെ.പി.സി.സി മുന്‍ അംഗവുമായ എം.ബി. ഫസല്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ്.
ഞായറാഴ്ച എട്ടോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. സഹകരണ വകുപ്പ് എ.ആർ. ഓഫീസിലെ ഇൻസ്പെക്ടർ ബൈജുവാണ് റിട്ടേണിങ് ഓഫീസർ. ഒരുക്കം പൂർത്തിയായതായി ഇലക്ടിങ് ഓഫീസർ കൂടിയായ അസിസ്റ്റന്റ് രജിസ്ട്രാർ ഷംസുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.