പെരിന്തൽമണ്ണ: റെയിൽവേ ഗേറ്റ് അടക്കുന്നതോടെയുണ്ടായിരുന്ന ഗതാഗതക്കുരുക്ക് തീർക്കാൻ 2010ൽ നിർമിച്ച അങ്ങാടിപ്പുറം മേൽപാലവും ഗതാഗതക്കുരുക്കിന് പരിഹാരമാവാതായതോടെ മിക്കദിവസങ്ങളിലും അങ്ങാടിപ്പുറത്ത് ഗതാഗതം നിശ്ചലമാകുകയാണ്.
ഓരാടംപാലം മുതൽ മാനത്തുമംഗലം വരെ ബൈപാസ് നിർമിക്കണമെന്ന് 2010ൽ സർക്കാർ തീരുമാനിക്കുകയും പത്തുകോടി രൂപ മാറ്റിവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, യു.ഡി.എഫ് സർക്കാർ മുൻകൈയെടുത്താണ് മേൽപാലം നിർമിച്ചതെന്ന കാരണത്താൽ ഇടത് സർക്കാർ ബൈപാസ് പദ്ധതിയെ തുടർച്ചയായി അവഗണിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ബൈപാസ് പദ്ധതി കുടുംബ യോഗങ്ങളിൽ ഇടതുപക്ഷം തന്നെ വലിയ പ്രചാരണ വിഷയമാക്കിയെങ്കിലും മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ ഇടത് സ്ഥാനാർഥികൾ തോറ്റതും അവഗണനക്ക് കാരണമായി.
അതിനുപുറമെ അങ്ങാടിപ്പുറം പഞ്ചായത്തും ഇടതുപക്ഷത്തിന് നഷ്ടമായി. കടലാസിൽ ഒരു പദ്ധതിയുണ്ടെന്ന വിധത്തിലാണിപ്പോൾ 11 വർഷം പിന്നിടുന്ന ബൈപാസ് പദ്ധതിയുടെ അവസ്ഥ. അതിനിടക്ക് ഭൂമി കണ്ടെത്തലും വേർതിരിക്കലുമടക്കം കാര്യങ്ങൾ ചട്ടപ്പടി നടപടികളിലൂടെ നടക്കുന്നുണ്ട്. മർമപ്രധാനമായി ഭൂമി ഏറ്റെടുക്കാൻ ഫണ്ട് വേണം.
അക്കാര്യങ്ങളിൽ സർക്കാ ർ ഒളിച്ചുകളിക്കുകയാണ്. സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടത് 36.12688 ഹെക്ടർ ഭൂമിയാണ്. അങ്ങാടിപ്പുറം വില്ലേജിൽ ഒരുസർവേ നമ്പരിലും പെരിന്തൽമണ്ണയിൽ 24 സർവേ നമ്പരിലും വലമ്പൂരിൽ 54 സർവേ നമ്പരിലുമുള്ള ഭൂമിയുടെ വിശദാംശങ്ങളുമായാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം റിക്വിസിഷൻ തയാറാക്കിയത്.
ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും അതിനുള്ള ഫണ്ടുമടക്കം നടപടികൾ മുന്നോട്ടുപോവാൻ പലവിധ താൽപര്യക്കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.