പെരിന്തൽമണ്ണ: പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ റോഡ് തകർച്ച കാരണം സമയനിഷ്ട പാലിച്ച് ബസ് സർവിസ് നടത്താൻ കഴിയാത്തതിന് പരിഹാരം തേടി ബസ് തൊഴിലാളികൾ കുന്നപ്പള്ളി വളയം മൂച്ചിയിൽ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെ പത്തിന് റോഡിന്റെ ഒരു ഭാഗത്തുനിന്ന് മുദ്രാവാക്യം വിളിച്ച് വാഹനങ്ങൾ കടത്തിവിട്ടായിരുന്നു സമരം. ബസ് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ നേരത്തെ നോട്ടീസ് നൽകിയതിനാൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
പെരിന്തൽമണ്ണയിൽനിന്ന് പട്ടാമ്പിയിലേക്ക് സർവിസ് നടത്തുന്ന ബസുകൾ കൊപ്പം ടൗണിൽ എത്തുമ്പോൾ സമയം വൈകുകയാണ്. അവിടെനിന്ന് പട്ടാമ്പിയിലേക്ക് പോവേണ്ട മറ്റു ബസുകൾ സമയത്തെ ചൊല്ലി തർക്കത്തിലാവുകയാണ്. വളാഞ്ചേരി-കൊപ്പം-പട്ടാമ്പി റൂട്ടിൽ സർവിസ് നടത്തുന്ന ബസ് ജീവനക്കാരാണ് പരാതിക്കാർ. ആർ.ടി.ഒ അടക്കം അവിടെ എത്തി പെരിന്തൽമണ്ണയിൽനിന്ന് എത്തുന്ന ബസുകളുടെ സമയം നിരീക്ഷിച്ച് നടപടിയെടുക്കുന്നതിനാൽ സർവിസ് റദ്ദാക്കേണ്ട സ്ഥിതിയാണ്.
റോഡ് നന്നാക്കാതെ വിഷയം അവസാനിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടത്തിയത്. 2020ൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തി ഉദ്ഘാടനം നടത്തുകയും രണ്ടുതവണ മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥലത്തെത്തി നിർമാണം വിലയിരുത്തുകയും ചെയ്തിട്ടും കരാർ കമ്പനി പൂർത്തിയാക്കാൻ സന്നദ്ധരാവുന്നില്ല. സമരം എ.ഐ.ആർ.ഡബ്ല്യു.എഫ് കമ്മറ്റി അംഗം എൻ. ആറുമുഖൻ ഉദ്ഘടനം ചെയ്തു. ബസ് തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് അനിൽ കുറുപ്പത്ത്, ഏരിയ സെക്രട്ടറി മാടാല മുഹമ്മദലി, സി.പി.എം പതാക്കര ലോക്കൽ കമ്മറ്റി സെക്രട്ടറി വി. യൂസുഫ്, കെ.ടി. ഹംസ എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ: നാലുവർഷം പിന്നിട്ടിട്ടും പണിതീരാത്ത പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയോടുള്ള സർക്കാർ അവഗണനക്കെതിരെ കുന്നപ്പള്ളി വളയംമൂച്ചിയിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇരുഭാഗത്തും വാഹനനിര നീണ്ടതോടെ പൊലീസ് ബലം പ്രയോഗിച്ച് നീക്കാൻ നടത്തിയ ശ്രമം പ്രവർത്തകർ എതിർത്തു. ചിലർ റോഡിൽ കിടന്ന് മുദ്രാവാക്യം വിളിച്ചു. പൊലീസുമായി സമരക്കാർ ഏറെനേരം ബലപ്രയോഗം തുടർന്നു. ഭാരവാഹികളിൽ ഏതാനും പേരെ അറസ്റ്റ് ചെയ്തു നീക്കി. അതിനു ശേഷമാണ് സമരം അവസാനിച്ചത്. സിദ്ദീഖ് വാഫി, കെ.എം. ഫത്താഹ്, വി.ടി. ശരീഫ്, നൗഷാദ് പുളിക്കൽ, യു.ടി. മുൻഷിർ, നജ്മുദ്ദീൻ, ഉനൈസ് കക്കൂത്ത്, സൽമാൻ ഒടമല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സമരം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ദീഖ് വാഫി, കെ.എം. ഫത്താഹ്, വി.ടി. ശരീഫ്, സക്കീർ, ഹബീബ്, റഷീദ് ചീലത്ത്, മുൻഷിർ, പത്തത് ജാഫർ, പച്ചീരി ഫാറൂഖ്, ഹബീബ് മണ്ണെങ്ങൽ, ഉണ്ണീൻ കുട്ടി, മുഹമ്മദാലി, ആഷിക്, നസീൽ, അഫ്ഫർ, ജംഷീർ, നാഫിഹ്, റിയാസ്, ഉനൈസ്, സൈദുമ്മർ, നജ്മുദ്ദീൻ, സലാം, നിഷാദ്, മൂസ, ആദിൽ, സൽമാൻ, യാസർ, നബീൽ, നബീൽ വട്ടപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.