പെരിന്തൽമണ്ണ: നഗരസഭയിൽ ഏറെക്കാലമായി മാലിന്യനീക്കവും സംസ്കരണവും കൈകാര്യം ചെയ്തുവരുന്ന ജീവനം സൊലൂഷൻസിനെതിരെ പൊതുജനങ്ങളിൽനിന്ന് പരാതികളുയർന്നത് തിരുത്താൻ നടപടികളില്ലാത്തതിനാൽ ഇവരുമായുള്ള കരാർ റദ്ദാക്കാൻ നഗരസഭ.
പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും അവ മുഖവിലക്കെടുക്കാതെയും പരാതികൾ പരിഹരിക്കാതെയും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുന്നത് തുടർന്നതോടെയാണ് ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അജണ്ട വെച്ച് വിഷയം ചർച്ച ചെയ്തത്. ജനറൽ സൂപ്രണ്ട് കൺവീനറായി നഗരസഭ ആരോഗ്യ സ്ഥിരസമിതി അധ്യക്ഷയും നാല് പ്രതിനിധികളുമടങ്ങുന്ന ആറംഗ സമിതി ഒരുതവണകൂടി ഇവരുടെ പ്രവർത്തനം പരിശോധിച്ച് നഗരസഭക്ക് ഒരുമാസത്തിനകം റിപ്പോർട്ട് നൽകും.
ജീവനം സൊലൂഷനുമായി നഗരസഭ ഏർപ്പെട്ട കരാർ റദ്ദാക്കുന്നതിലെ സാങ്കേതിക, നിയമ പ്രശ്നങ്ങൾ പരിശോധിക്കാൻ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. വീടുകളിൽനിന്നും കടകളിൽനിന്നും ഹരിതകർമസേനയെ ഉപയോഗിച്ച് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും കുന്നപ്പള്ളിയിലെ സംസ്കരണ കേന്ദ്രത്തിലെത്തിച്ച് സംസ്കരിക്കുകയും ചെയ്യുകയാണ് ജീവനം സൊലൂഷൻസ് എന്ന കുടുംബശ്രീ യൂനിറ്റിന്റെ ചുമതല.
നഗരസഭ നടപ്പാക്കുന്ന ഭവനപദ്ധതികളടക്കം ഒട്ടേറെ വ്യക്തിഗതാനുകൂല്യ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുന്നു. പ്രവർത്തനം കുറ്റമറ്റ രീതിയിലല്ലെന്ന് തുടരെ പരാതികളുയർന്നു. ഇക്കാര്യം പരിഹരിക്കാനും സർക്കാർ നിർദേശിച്ചത് പ്രകാരം മാലിന്യനീക്കം മുന്നോട്ട് കൊണ്ടുപോവാനും പലവട്ടം നേരിട്ട് നിർദേശങ്ങൾ നൽകി. 2021 ഏപ്രിൽ 29ന് വിശദ കത്തും നൽകി. ഇവക്കൊന്നും മറുപടി നൽകാനോ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനോ ശ്രമങ്ങളുണ്ടായില്ല.
പെരിന്തൽമണ്ണ: നഗരസഭയിലെ മാലിന്യനീക്കവും ജീവനം സൊലൂഷൻസുമായി ബന്ധപ്പെട്ട പരാതികളും പെരിന്തൽമണ്ണ നഗരസഭ യോഗത്തിൽ ഉയരാൻ തുടങ്ങിയിട്ട് ഏറെയായെങ്കിലും അജണ്ടവെച്ച് ചർച്ച നടത്തിയത് ആദ്യം. അജൈവമാലിന്യങ്ങൾ ഉറവിടത്തിലോ സംസ്കരണത്തിലോ വേർതിരിക്കാതെ പുനഃചംക്രമണ പുനരുപയോഗ സാധ്യത ഇല്ലാതാക്കുന്നു, ഇതിന് അശാസ്ത്രീയമാർഗങ്ങൾ ഉപയോഗിക്കുന്നു എന്നാണ് മുഖ്യപരാതി. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതായും പരാതികൾ വന്നിരുന്നു.
മൂല്യവർധിത വസ്തുക്കളും വരുമാനമാർഗവുമാവേണ്ടത് ഇല്ലാതാക്കി പുറംതള്ളുന്നവയോടൊപ്പം കൂട്ടുന്നത് സാമ്പത്തിക ബാധ്യതയാണ്. ജനങ്ങളിൽ നിന്ന് യൂസർഫീസ് പിരിച്ചിട്ടും നല്ല സേവനം നൽകാനും പ്രവർത്തനം കാര്യക്ഷമമാക്കാനും മുതിർന്നില്ല.
അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അവലോകനത്തിലെ നിർദേശങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കാനും കൂട്ടാക്കിയില്ല.
കരാർ പ്രകാരം ജനങ്ങളിൽനിന്ന് പിരിക്കുന്ന യൂസർഫീസ് സംബന്ധിച്ച കണക്ക്, ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, വരുമാനദായകമാക്കി മാറ്റുന്ന അജൈവ മാലിന്യത്തിന്റെ അളവ് എന്നിവ കൃത്യമായി ഓരോ ദിവസവും നഗരസഭയെ അറിയിക്കണം. ഇത് പാലിക്കാതെ അനിയന്ത്രിതമായും അപകടകരമായ അവസ്ഥയിലും അജൈവ വസ്തുക്കളും മാലിന്യങ്ങളും നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാൻറിൽ കുന്നുകൂടി കിടക്കുകയാണ്.
2020 ജൂൺ 24ന് ചേർന്ന കൗൺസിൽ തീരുമാനപ്രകാരം ജീവനം സൊലൂഷൻസുമായി ഉണ്ടാക്കിയ അഞ്ചുവർഷത്തെ കരാർ റദ്ദാക്കാനാണ് ചർച്ച നടത്തിയത്.
നിലവിലെ ഹരിതകർമസേനയെ നിലനിർത്തി യൂസർഫീസ് പിരിച്ച് കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യാവുന്ന മറ്റൊരു ഏജൻസിയെ കണ്ടെത്താനും ആലോചന നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.