പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരത്ത് ടാങ്കർ മറിഞ്ഞ് 20,000 ലിറ്റർ ഡീസൽ ചോർന്നതിന് സമീപത്തെ കിണറ്റിലെ തീയണച്ചു. ഒരു കിണറ്റിൽനിന്ന് ഇന്ധനം ഊറ്റിയെടുത്തു.
രണ്ട് കിണറുകളും വറ്റിച്ചു. പരിയാപുരത്തെ കന്യാസ്ത്രീമഠത്തിലേക്കും കോൺവെൻറിലേക്കും വെള്ളമെടുത്തിരുന്ന കിണറ്റിലാണ് പരിസരവാസികളെ ഭീതിയിലാഴ്ത്തി തീയാളിയിരുന്നത്. ഇത് ബുധനാഴ്ച ഉച്ചക്കുശേഷം അണച്ചു. ഈ കിണറ്റിൽ വ്യാഴാഴ്ച പെരിന്തൽമണ്ണ ഫയർ ആൻഡ് റസ്ക്യൂ വിഭാഗമെത്തി കൂടുതൽ വെള്ളമൊഴിച്ചു.
അടിയിലെ ഇന്ധനം കലർന്ന ലായനിയടക്കം ഇന്ധനകമ്പനി അധികൃതർ ശേഖരിച്ചു. സമീപത്തെ ബിജു ജോസഫിന്റെ വീട്ടിലെ കിണറ്റിൽ മുകളിൽ ഊറി നിന്ന ഡീസൽ കലർന്ന വെള്ളവും കമ്പനി കൊണ്ടുപോയി. രണ്ട് കിണറുകളും ഉപയോഗിക്കാൻ ഇനിയും ഏറെ കഴിയണം. മഴ പെയ്യുന്നതോടെ മണ്ണിൽ ശേഷിക്കുന്ന ഇന്ധനം ജലാശയത്തിലേക്ക് ഊർന്നെത്തുമെന്ന ആശങ്കയുണ്ട്.
ആഗസ്റ്റ് 20 ന് പുലർച്ചെയാണ് ടാങ്കർ മറിഞ്ഞ് വൻതോതിൽ ഇന്ധനം ചോർന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീപിടിത്തമുണ്ടാവുന്നില്ലെന്ന് ഉറപ്പാക്കി മടങ്ങുകയായിരുന്നു. മണ്ണിൽ ലയിച്ച ഡീസൽ നിർവീര്യമാക്കാനോ അത് കുടിവെള്ളത്തിൽ കലരുന്നത് തടയാനോ നടപടികളുണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു. കോൺവെൻറിലെ കുടിവെള്ളത്തിന് മറ്റൊരു കിണർ ഉപയോഗിക്കുകയാണ്. തീപടർന്ന കിണറ്റിലെ വെള്ളം വറ്റിക്കാനും ഇന്ധനവിതരണ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.