പെരിന്തൽമണ്ണ: കാറിലെത്തി തോട്ടിൽ തുണിയലക്കുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന യുവാവിനെ മണിക്കൂറുകൾക്കകം പിടികൂടി പെരിന്തൽമണ്ണ പൊലീസ്. പരിയാപുരം തെക്കേവളപ്പിൽ വീട്ടിൽ അബ്ദുൽ ജലീലാണ് (28) പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
മോഷണവും അറസ്റ്റും തെളിവെടുപ്പും റിമാൻഡും ഒറ്റദിവസം കൊണ്ട് കഴിഞ്ഞു. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപാസിന് സമീപത്തെ തോട്ടിൽ തുണി അലക്കുകയായിരുന്ന കക്കൂത്ത് സ്വദേശിയായ 50കാരിയുടെ മൂന്ന് പവൻ മാലയാണ് പൊട്ടിച്ചത്.
കാർ കഴുകാൻ വെള്ളമെടുക്കാനെന്ന വ്യാജേന തോട്ടിലിറങ്ങി സ്ത്രീയുടെ മാല പൊട്ടിച്ച് വേഗത്തിൽ കാർ ഓടിച്ചുപോവുകയായിരുന്നു. പകുതി ഭാഗം സ്ത്രീയുടെ കൈയിൽ കിട്ടി. ബഹളംവെച്ച് ആളുകൂടിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടു. വാഹനനമ്പർ നാട്ടുകാർ പൊലീസിന് കൈമാറി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പുത്തനങ്ങാടിയിൽനിന്ന് പിടികൂടിയത്. വൈകീട്ട് യുവാവിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു.
പെരിന്തൽമണ്ണ സ്റ്റേഷൻ ഹൗസ് ഒാഫിസർ സി.കെ. നാസർ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുത്തനങ്ങാടിയിൽ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രത്യേക അന്വേഷണസംഘത്തിലെ എ.എസ്.ഐമാരായ അബ്ദുൽസലീം, ഷാജഹൻ, സി.പി.ഒമാരായ ഷക്കീൽ, സജീർ, മിഥുൻ, എം.കെ. വിനീത്, ഐ.പി. രാജേഷ്, വിനീത്, സലീന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പെരിന്തൽമണ്ണ വളയംമൂച്ചിയിൽ യുവതിയുടെ സ്കൂട്ടർ പിന്തുടർന്ന് മാല പൊട്ടിച്ച പ്രതിയെയും അങ്ങാടിപ്പുറത്ത് ജോലി കഴിഞ്ഞ് പോവുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെയും ഇപ്രകാരം സംഭവം നടന്ന് വൈകാതെ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.