പെരിന്തൽമണ്ണ: നഗരസഭ നടപ്പാക്കി വരുന്ന ഗതാഗത പരിഷ്കരണത്തിനെതിരെ നടത്തിയ ബഹുജന മാർച്ചിൽ പ്രതിഷേധമിരമ്പി. ടൗൺ ഷോപ്പിങ് കോംപ്ലക്സ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ പൊതുജനങ്ങൾ, സ്ത്രീകൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വ്യാപാരികൾ, ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി വിവിധ മേഖലകളിലെ നൂറുകണക്കിനുപേർ പങ്കാളികളായി. പെരിന്തൽമണ്ണയിൽ മൂന്നു ഭാഗങ്ങളിലായി സ്ഥാപിച്ച ബസ് സ്റ്റാൻഡുകളിൽ എത്തുന്ന യാത്രക്കാർ വലിയ തോതിൽ പ്രയാസമനുഭവപ്പെടുകയാണ്.
ടൗണിൽനിന്ന് മടങ്ങാനും ഇതേ പ്രയാസമുണ്ട്. ദേശീയപാതിയിൽ ജൂബിലി ജങ്ഷൻ മുതൽ പാലക്കാട് റോഡിൽ മനഴി ബസ് സ്റ്റാൻഡ് വരെയും ഊട്ടി റോഡിൽ ബൈപാസ് ജങ്ഷൻ മുതൽ പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷൻ വരെയും ഫലത്തിൽ യാത്രാബസുകൾ ഇല്ലാത്ത സ്ഥിതിയാണ്. മണ്ണാർക്കാട് ഭാഗത്തുനിന്ന് വല്ലപ്പോഴും വരുന്ന ബസുകൾ ടൗണിലൂടെ ബൈപാസ് സ്റ്റാൻഡിലേക്കും തിരിച്ചും മടങ്ങുന്നത് മാത്രമാണ് അപവാദം. നജീബ് കാന്തപുരം എം.എൽ.എ നഗരസഭ ഒാഫിസ് പരിസരത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ചമയം ബാപ്പു, എം.എം. സക്കീർ ഹുസൈൻ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻറ് സി.ടി. നൗഷാദലി, വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡൻറ് മുസ്തഫ, കൗൺസിലർമാരായ പച്ചീരി ഫാറൂക്ക്, പത്തത്ത് ജാഫർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ്, വിവിധ രാഷ്ട്രീയ കക്ഷികളെയും സംഘടനകളെയും പ്രധിനിധാനം ചെയ്ത് വി. ബാബുരാജ്, ചേരിയിൽ മമ്മി, ഷാലിമാർ ഷൗക്കത്ത്, അയമു എന്ന മാനു, പി.ടി. അബൂബക്കർ, മുസ്തഫ കരിങ്കല്ലത്താണി, ഷമീർ ഫൈസി ഒടമല, യൂനസ് കിഴക്കേതിൽ, ശ്രീജ ആനമങ്ങാട്, മുരളി, അഷ്റഫ് കിഴിശ്ശേരി, റഹീസ് കുന്നപ്പള്ളി, സിദ്ദീഖ് ഫൈസി, ആക്ഷൻ കമ്മിറ്റി ജോയൻറ് കൺവീനർ കാജാ മുഹ്യിദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരികൾ പങ്കെടുത്തത് ഉച്ചവരെ കടകൾ അടച്ച്
പെരിന്തൽമണ്ണ: നഗര വികസനത്തിനും പൊതുസംരംഭങ്ങൾക്കും എപ്പോഴും കൂടെ നിൽക്കാറുള്ള വ്യാപാരികൾ നഗരസഭക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തത് ഉച്ച വരെ കടകളടച്ചിട്ട്. ഗതാഗത പരിഷ്കരണം പെരിന്തൽമണ്ണ ടൗണിലെ വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്. ഇതിലെ പ്രതിഷേധമറിയിച്ചാണ് കടകളടച്ചും കടകൾക്ക് മുന്നിൽ കറുത്ത കൊടി നാട്ടിയും വ്യാപാരികൾ പ്രകടിപ്പിച്ചത്. ബഹുജന മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഉച്ചക്ക് 12 വരെ പെരിന്തൽമണ്ണയിൽ കടകളടച്ചിടുമെന്ന് പെരിന്തൽമണ്ണ മർച്ചൻറ്സ് അസോസിയേഷൻ നേരേത്ത പ്രഖ്യാപിച്ചിരുന്നു.
പെരിന്തൽമണ്ണയിലെത്തുന്ന സമീപ പ്രദേശങ്ങളിലെ യാത്രക്കാരും ഏറെ ദുരിതമനുഭവിക്കുന്നതിനാൽ ആലിപ്പറമ്പ്, വെട്ടത്തൂർ പഞ്ചായത്തുകളുടെ അധ്യക്ഷരും അവിടെ നിന്നുള്ളവരും സമരത്തിൽ പങ്കെടുത്തു. ജില്ല ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ, താലൂക്ക് ഹെഡ് ക്വാർട്ടേഴ്സിലെ ഒാഫിസുകൾ എന്നിവിടങ്ങളിലെത്തുന്ന പൊതുജനങ്ങളും ടൗണിൽ ചെറുതും വലുതുമായ ആയിരത്തിൽപരം വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന തൊഴിലാളികളും ടൗണിലെത്താനും മടങ്ങാനും അധികയാത്രാക്കൂലി നൽകേണ്ടി വരുകയാണ്. ഗതാഗത പരിഷ്കരണം എല്ലാവരും എതിർത്തിട്ടും യാത്രാപ്രശ്നം തീർക്കാൻ നഗരസഭ തയാറാവുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.