പെരിന്തൽമണ്ണ: നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കും ഉപാധ്യക്ഷ സ്ഥാനത്തേക്കും നടന്ന തെരഞ്ഞെടുപ്പിൽ വോട്ടുകൾ അസാധുവാക്കി കോൺഗ്രസ് അംഗങ്ങൾ. അധ്യക്ഷ തെരഞ്ഞെടുപ്പിൽ അഞ്ചും ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ നാലും കോൺഗ്രസ് അംഗങ്ങളാണ് വോട്ട് അസാധുവാക്കിയത്. എൽ.ഡി.എഫിെൻറ 20 പേരും ചെയർമാൻ സ്ഥാനാർഥി പി. ഷാജിക്ക് വോട്ട് ചെയ്തു.
യു.ഡി.എഫിെൻറ ചെയർമാൻ സ്ഥാനാർഥി മുസ്ലിം ലീഗിലെ ജിതേഷിന് യു.ഡി.എഫിെൻറ 13 ൽ എട്ട് വോട്ട് മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് അംഗങ്ങളായ എം.എം. സക്കീർ ഹുസൈൻ, മുഹമ്മദ് സുനിൽ, തസ്ലീമ ഫിറോസ്, ശ്രീജിഷ, കൃഷ്ണപ്രിയ എന്നിവരാണ് അസാധുവാക്കിയത്. സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ട ലീഗ് വിമത അംഗം പച്ചീരി ഫാറൂഖ് രണ്ട് ഘട്ടത്തിലും യു.ഡി.എഫിന് തന്നെ വോട്ട് ചെയ്തു. 34 ൽ എൽ.ഡി.എഫിന് 20, യു.ഡി.എഫിന് സ്വതന്ത്ര അംഗം ഉൾപ്പെടെ 14 എന്നിങ്ങനെയാണ് അംഗങ്ങൾ.
ഉച്ചക്ക് ശേഷം നടന്ന ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും ഇത്തരത്തിൽ വോട്ട് അസാധുവാക്കി. ഉപാധ്യക്ഷ സ്ഥാനത്തേക്ക് കൃത്യമായി ഒരു പേര് നിർദേശിക്കാനാവാത്തതും അവ്യക്ത വരുത്തി. എ. നസീറയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. സ്വതന്ത്ര അംഗം പച്ചീരി ഫാറൂഖ് കോൺഗ്രസ് അംഗം നിഷ സുബൈറിെൻറ പേര് നിർദേശിച്ചെങ്കിലും അവർ ഹാളിൽ ഇല്ലാത്തതിനാൽ വരണാധികാരി സ്വീകരിച്ചില്ല. അതോടെ ലീഗ് അംഗം പച്ചീരി ഹുസൈന നാസറിെൻറ പേര് ലീഗ് അംഗം താമരത്ത് സലീം നിർദേശിച്ചു. ചെയർമാൻ സ്ഥാനാർഥിയായിരുന്ന ലീഗ് അംഗം ജിതേഷ് പിന്തുണച്ചു.
തുടർന്ന് വോട്ടെടുപ്പിൽ എ. നസീറക്ക് എൽ.ഡി.എഫിെൻറ 20 വോട്ടും ലഭിച്ചു. വൈകി വന്നതിനാൽ കോൺഗ്രസ് അംഗങ്ങളായ നിഷ സുബൈർ, തസ്ലീമ ഫിറോസ്, ലീഗ് അംഗം സജ്ന എന്നിവർക്ക് വോട്ട് ചെയ്യാനായില്ല. ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയ കോൺഗ്രസ് അംഗങ്ങളായ കൃഷ്ണപ്രിയ, എം.എം. സക്കീർ ഹുൈസൻ, ശ്രീജിഷ, മുഹമ്മദ് സുനിൽ എന്നിവർ വീണ്ടും വോട്ട് അസാധുവാക്കി. 13 യു.ഡി.എഫ് അംഗങ്ങളിൽ സ്വതന്ത്രേൻറതുൾപ്പെടെ ഏഴ് വോട്ടാണ് യു.ഡി.എഫിെൻറ വൈസ് ചെയർപേഴ്സൻ സ്ഥാനാർഥിക്ക് കിട്ടിയത്. ഏഴ് വോട്ടിെൻറ കുറവ് വന്നു.
തുടർച്ചയായി ആറാം തവണ ഇടതുമുന്നണി അധികാരത്തിലെത്തുന്ന പെരിന്തൽമണ്ണ നഗരസഭയിൽ ഇത്തവണ ഭരണതലപ്പത്ത് യുവസാന്നിധ്യം. 18ാം വാർഡായ തെക്കേക്കരയിൽ നിന്നാണ് ചെയർമാനായ പി. ഷാജി തെരഞ്ഞെടുക്കപ്പെട്ടത്. അധ്യക്ഷ സ്ഥാനം പട്ടികജാതി സംവരണമായതിനാൽ ചെയർമാൻ സ്ഥാനത്തേക്ക് നേരത്തെ തന്നെ സി.പി.എം ഷാജിയെയാണ് കണ്ടുവെച്ചിരുന്നത്. ഡി.വൈ.എഫ്.ഐ പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡൻറും ജില്ല കമ്മിറ്റി അംഗവുമാണ് പി. ഷാജി. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ കോഓപ്പറേറ്റിവ് അർബൻ ബാങ്ക് പുലാമന്തോൾ ശാഖയിലെ ജീവനക്കാരനാണ്.
അധ്യക്ഷ സ്ഥാനത്തേക്കും ഉപാധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം വൈകീട്ട് മുഴുവൻ അംഗങ്ങളുടെയും നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ വിജയാഹ്ലാദ റാലിയും സ്വീകരണ സമ്മേളനവും നടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഹഫ്സ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, പുതിയ അധ്യക്ഷൻ പി. ഷാജി, ഉപാധ്യക്ഷ എ. നസീറ, ഏരിയ കമ്മിറ്റി അംഗങ്ങളായ ശ്രീധരൻ മാസ്റ്റർ, കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ലോക്കൽ സെക്രട്ടറിമാരായ വി.കെ. യൂസുഫ് മാസ്റ്റർ, സത്യനാരായണൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
പെരിന്തൽമണ്ണ നഗരസഭയിൽ നേരത്തെ തുടങ്ങിയ വികസന പദ്ധതികളുടെ പൂർത്തീകരണവും നഗത്തിലെ പുതിയ ബസ്സ്റ്റാൻഡ് തുറന്ന് പുതിയ ഗതാഗത ക്രമം ഏർപ്പെടുത്തലുമാണ് ആദ്യഘട്ടത്തിൽ ഭരണസമിതിയുടെ ചുമതലയെന്ന് നഗരസഭ അധ്യക്ഷൻ പി. ഷാജി. ജനുവരി അവസാനത്തോടെ നിർമാണത്തിലിരിക്കുന്ന മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഒന്നാം ഘട്ടം പൂർത്തിയാക്കി തുറന്നു നൽകും.
ഇതു കൂടി ഉൾപ്പെടുത്തി ഗതാഗത ക്രമം നടപ്പാക്കും. മാലിന്യ സംസ്കരണ മേഖലയിൽ വേറിട്ട രീതിയിൽ പ്രവർത്തിച്ചു വരുന്ന ജീവനം സൊലൂഷൻ പുതിയ ക്രമത്തിൽ പുനരുജ്ജീവിപ്പിക്കുമെന്നും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെ ഹൈടെക് ആക്കി മാതൃകാ വിദ്യാലയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.