പെരിന്തൽമണ്ണ: നിരന്തരം വാർത്തകളിൽ നിറഞ്ഞുനിന്നിട്ടും അവഗണന തുടർന്ന താഴേക്കോട് പാണമ്പിയിലെയും സമീപ കോളനികളിലെയും ആദിവാസി കുടുംബങ്ങൾക്ക് പുതിയ പഞ്ചായത്ത് ഭരണസമിതികളിൽ പ്രതീക്ഷ. രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്കല്ലാത്തതിനാലും സംഘടിതമായി സമരരംഗത്ത് വരാനാവാത്തതിനാലും ഭൂമിയും വീടുമില്ലാതെ കഷ്ടപ്പെടുന്ന താഴേക്കോട് പാണമ്പിയിലെ ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുകയാണ്. ഏഴുകോളനികളിലായി 140ഒാളം പേരാണ് താഴേക്കോട് മേഖലയിൽ താമസിക്കുന്നത്. വാസയോഗ്യമായ വീടില്ലാത്തതാണ് ഇവരുടെ പ്രശ്നം. ഇത് തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്നും ആദിവാസി ക്ഷേമ വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്നുമുള്ള നിലപാടിലായിരുന്നു താഴേക്കോട് പഞ്ചായത്ത് ഭരണസമിതി.
സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയിൽ (ലൈഫ്) 1192 പേരാണ് താഴേക്കോടുള്ളത്. വിശദ പരിശോധനയിൽ 206 കുടുംബങ്ങളെ വീട് മാത്രം വേണ്ടവരെന്നും 226 കുടുംബങ്ങളെ വീടും സ്ഥലവും വേണ്ടവരെന്നും വേർതിരിച്ചു. ഇതിൽ അഞ്ചുവർഷത്തിനിടെ 56 കുടുംബങ്ങൾക്കാണ് മുൻ ഭരണസമിതി വീട് നൽകിയത്. ഇതിലാവട്ടെ ഒരു ആദിവാസി കുടുംബം പോലുമില്ല താനും. പഞ്ചായത്തിെൻറ പദ്ധതി വിഹിതത്തിൽനിന്ന് പണമെടുത്ത് വീടുവെച്ചു നൽകുന്നതിനപ്പുറം ജില്ല ഭരണകൂടത്തിെൻറയും സംസ്ഥാന സർക്കാറിെൻറയും ശ്രദ്ധയിൽ ഇക്കാര്യങ്ങൾ കൊണ്ടുവരാനും പരിഹാരം തേടാനും പഞ്ചായത്ത് ശ്രമിച്ചിരുന്നില്ല. ഭൂരഹിത, ഭവന രഹിത വിഭാഗങ്ങൾക്ക് വീടുവെക്കാൻ മൂന്നു സെൻറ് സ്ഥലം വാങ്ങാൻ പഞ്ചായത്തുകൾ ഫണ്ട് നൽകുന്നുണ്ട്. അതിലും ഇക്കൂട്ടരില്ല. യു.ഡി.എഫ് ഭരിച്ചുവന്ന താഴേക്കോട് പഞ്ചായത്തിൽ മുസ്ലിം ലീഗിന് കനത്ത തോൽവിയാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.
പരിഹാരമുണ്ടാവേണ്ട ജനകീയ പ്രശ്നങ്ങളെ തുടർച്ചയായി അവഗണിച്ചതുകൂടിയാണ് പരാജയകാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കാലവർഷക്കെടുതിക്കിടെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചപ്പോൾ കുടിലുകളിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ പാണമ്പിയിലെ ആദിവാസി കുടുംബങ്ങൾ പ്രതിഷേധിച്ചിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ഒാലക്കീറുകൾക്കും തുളവീണ പ്ലാസ്റ്റിക് ഷീറ്റിനും ഇടയിലെ ചോർച്ചയിൽനിന്ന് മാറി ഒറ്റപ്പുതപ്പിനുള്ളിൽ ചുരുണ്ട് കൂടുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.