മലപ്പുറം: ജില്ലയിൽ പ്ലസ് വണിന് സീറ്റ് വർധനവും താത്കാലിക ബാച്ചുകളും തുടരുമെങ്കിലും മതിയായ സീറ്റുകൾ ഇപ്പോഴും പര്യാപ്തമാണോ എന്ന കാര്യത്തിൽ ആശങ്ക. സ്ഥിരം ബാച്ചുകൾ അനുവദിക്കാതെ താത്കാലിക ബാച്ചുകളിലൂടെ അധ്യാപകരുടെ ജോലി ഭാരവും ഉയരുമെന്നതും ആശങ്കയുടെ ഭാഗമാണ്. നിലവിലുള്ള ബാച്ചുകളും സർക്കാർ അനുവദിച്ച താത്കാലിക ബാച്ചുകളിലൂടെയും ആകെ 52,600 സീറ്റാണ് ആകെ ലഭിക്കുക. കണക്കുകൾ പ്രകാരം ജില്ലയിൽ 79,925 പേരാണ് പരീക്ഷ എഴുതിയത്. ഈ കണക്ക് പരിശോധിക്കുമ്പോൾ അനുവദിച്ച സീറ്റുകൾ പരിമിതമാകാനാണ് സാധ്യതയുണ്ട്.
മേയ് എട്ടിന് എസ്.എസ്.എൽ.സി ഫലം പുറത്ത് വന്നാൽ ഇക്കാര്യത്തിൽ കൃത്യമായ ചിത്രം വ്യക്തമാകും. സർക്കാർ, എയ്ഡഡ് തലങ്ങളിലായി ആകെ 41,950 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നതിലൂടെ ജില്ലയിൽ 10,650 സീറ്റുകൾ ലഭിക്കും. ഇതോടെ സീറ്റ് നില 52,600യിലേക്ക് എത്തും. അൺഎയ്ഡഡ് തലത്തിൽ 11,291 സീറ്റുകളുണ്ടെങ്കിലും ഇത് പണം മുടങ്ങി പഠിക്കേണ്ടതാണ്. ഇത് സാധാരണക്കാരന് പ്രയോഗികമാകില്ല. സർക്കാരിൽ 452ഉം എയ്ഡഡിൽ 387ഉം അടക്കം 839 ബാച്ചുകളാണ് ആകെ ജില്ലയിലുള്ളത്.
സർക്കാർ-എയ്ഡഡ് തലങ്ങളിൽ ഓരോ ബാച്ചുകളിലും 50 വീതം സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ 30 ശതമാനം വർധനവിലൂടെ 15 സീറ്റുകൾ വർധിച്ച് 50ൽ നിന്ന് 65ലെത്തും. എയ്ഡഡ് തലത്തിൽ 20 ശതമാനം വർധനവിലുടെ 50ൽനിന്ന് 60ലുമെത്തും. സർക്കാർ തലത്തിൽ ആകെ 6,780 സീറ്റുകളും എയ്ഡഡിൽ 3,870 സീറ്റുകളും താത്കാലിക വർധനവിലൂടെ ലഭിക്കുക.
താത്കാലിക ബാച്ചുകൾ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെങ്കിലും അധ്യാപകരുടെ കാര്യം പരുങ്ങലിലാകും. തിങ്ങി നിറഞ്ഞ ക്ലാസ് മുറികളിലാകും പഠിപ്പിക്കേണ്ടി വരിക. പഠന നിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കും. ജില്ലക്ക് താത്കാലിക ബാച്ചുകൾക്ക് പകരം സ്ഥിരം ബാച്ചുകൾ വേണമെന്ന ആവശ്യമുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാർ നീട്ടി കൊണ്ട് പോകുകയാണ്.
മലപ്പുറം: പ്ലസ് ടു വിഷയത്തിൽ സർക്കാർ ചെയ്യുന്നത് തീരെ ശരിയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തലമുറയോട് കാണിക്കുന്ന അനീതിയാണ് സർക്കാർ നപടി. കുട്ടികളെ ക്ലാസിൽ കുത്തിനിറച്ച് സീറ്റ് വർധന നടപ്പിലാക്കുന്നത് വിദ്യാർഥികളെ കഷ്ടപ്പാടിലാക്കും. സർക്കാറിന്റെ ആദ്യടേമിൽ തന്നെ ഈ പ്രശ്നം പരിഹരിക്കേണ്ടതായിരുന്നു. ആവശ്യത്തിന്റെ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുകയാണ് വേണ്ടത്. യു.ഡി.എഫ് സർക്കാർ അതാണ് ചെയ്തിരുന്നത്.
മലപ്പുറം: ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം. ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാനേ വർധനവ് വഴിവെക്കൂവെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്തും ആവശ്യമായ പുതിയ ബാച്ചുകളനുവദിച്ചുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പ്രഫ. വി. കാർത്തികേയൻ റിപ്പോർട്ട് ഈ അധ്യയന വർഷം തന്നെ നടപ്പാക്കാൻ സർക്കാർ തയ്യാറായേ പറ്റൂ. അല്ലാത്ത ശ്രമങ്ങളെല്ലാം ഇരുട്ട് കൊണ്ട് ഓട്ടടക്കുന്നതിന് തുല്യമാണെന്നും എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ല ജനറൽ സെക്രട്ടറി കെ.വി. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷറഫ്, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.
മലപ്പുറം: ജില്ലയിലെ പ്ലസ് വൺ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയാറാകണമെന്ന് എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്ലസ് വൺ ബാച്ചുകൾ വർധിപ്പിച്ച് പ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നും പറഞ്ഞു. ജില്ല പ്രസിഡന്റ് ടി. മുഈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
മലപ്പുറം: പ്ലസ് വൺ അധിക സീറ്റ് വർധനവ് കുട്ടികൾക്ക് ഇരട്ടി പ്രഹരം നൽകുന്ന തീരുമാനമാണെന്നും സീറ്റല്ല അധിക ബാച്ചാണ് വർധിപ്പിക്കേണ്ടതെന്നും കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ. അൻഷിദ് പറഞ്ഞു. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് കെ.എസ്.യു നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.