മലപ്പുറം: സപ്ലിമെന്ററി അലോട്ടുമെന്റിലെ ആദ്യഘട്ട നടപടികൾ പൂർത്തിയാക്കിയതോടെ സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നവർ കാത്തിരിക്കുന്നത് അധിക ബാച്ച് അനുവദിക്കുന്നതും കാത്ത്. കണക്കുകൾ പ്രകാരം 9,880 പേർക്ക് സപ്ലിമെന്ററി ആദ്യഘട്ടത്തിൽ പുറത്താണ്. 16,881 അപേക്ഷകരാണ് സപ്ലിമെന്ററിക്കായി അപേക്ഷിച്ചിരുന്നതെങ്കിലും 16,879 അപേക്ഷകൾ മാത്രമേ അധികൃതർ പരിഗണിച്ചിട്ടുള്ളു. ഇതിൽ 6,999 പേർക്കാണ് പ്രവേശനത്തിൽ അവസരം അനുവദിച്ചത്. ഇതിൽ ഇനി 89 സീറ്റുകൾ മാത്രമാണ് ബാക്കി.
ഈ കണക്ക് ഒഴിവാക്കിയാലും പ്രവേശന നടപടികൾ പൂർത്തിയാക്കിയാലും 9,791 പേർ സീറ്റില്ലാതെ പുറത്തുണ്ടാകും. ഈ പ്രശ്നം പരിഹരിക്കണമെങ്കിൽ അധിക ബാച്ചുകൾ തന്നെ വേണ്ടി വരും. സീറ്റ് പ്രശ്നം സംബന്ധിച്ച് രണ്ടംഗ സമിതി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിന് കൈവശമുണ്ടെങ്കിലും പുറത്തുവിടുകയോ, നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുത്തില്ലെങ്കിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ സ്വകാര്യ മേഖലയോ സമാന്തര വിദ്യാഭ്യാസ മേഖലയോ ആശ്രയിക്കേണ്ടി വരും. നിലവിൽ വകുപ്പ് നിയോഗിച്ച ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയന്റ് ഡയറക്ടർ ആർ. സുരേഷ് കുമാർ, ആർ.ഡി.ഡി ഡോ. പി.എം. അനിൽ എന്നിവർ അടങ്ങുന്ന രണ്ടംഗ സമിതി റിപ്പോർട്ടിൽ ജില്ലയിലെ സീറ്റ് വിഷയത്തെ കുറിച്ച് കൃത്യമായ വിവരണം നൽകിയിട്ടുണ്ടെന്നാണ് സൂചന. ജില്ലയിലെ സീറ്റ് വിഷയത്തിൽ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.